തൃശ്ശൂർ: തൃശ്ശൂർ നാട്ടികയിൽ മദ്യലഹരിയിൽ ക്ലീനർ ഓടിച്ച ലോറി പാഞ്ഞുകയറി രണ്ടു പിഞ്ചു കുഞ്ഞുങ്ങൾ ഉൾപ്പെടെ അഞ്ചുപേർ മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. തൃശൂർ ജില്ലാ പോലീസ് മേധാവി (റൂറൽ) സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി.കെ ബീനാകുമാരി ആവശ്യപ്പെട്ടു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
അപകടത്തില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. യാത്രക്കിടയിൽ ഡ്രൈവറുമൊത്ത് തുടർച്ചയായി മദ്യപിച്ചെന്നും മദ്യലഹരിയിൽ മയങ്ങിപ്പോയെന്നുമാണ് ക്ലീനർ അലക്സിന്റെ മൊഴി. കേസിലെ പ്രതികളായ ഡ്രൈവറെയും ക്ലീനറെയും കോടതി റിമാൻഡ് ചെയ്തു. മദ്യലഹരിയിൽ വരുത്തിയ ദുരന്തമെന്നായിരുന്നു റിമാൻഡ് റിപ്പോർട്ട്. മനഃപൂർവ്വമായ നരഹത്യക്കാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഡ്രൈവറുടെ ലൈസൻസും വാഹനത്തിന്റെ രജിസ്ട്രഷനും റദ്ദാക്കിയിരുന്നു.
രണ്ട് പിഞ്ചുകുഞ്ഞുങ്ങൾ അഞ്ച് പ്രിയപ്പെട്ടവരെ നഷ്ട്ടപ്പെട്ടത്തിൻ്റെ ഞെട്ടലിലാണ് പാലക്കാട് ഗോവിന്ദാപുരത്തെ ചെമ്മണ്ണാംതോട്ടിൽ പുറമ്പോക്കിൽ താമസിക്കുന്ന ബന്ധുക്കൾ . കാളിയപ്പന് (50 വയസ്സ്), നാഗമ്മ (39 വയസ്സ്), ബംഗാരി (20 വയസ്സ്), ജീവന് (4 വയസ്സ്), വിശ്വ (1 വയസ്സ്) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജാന്‍സി (24), ചിത്ര (24), ദേവേന്ദ്രന് (27) എന്നിവരും പരിക്കേറ്റ ശിവാനി (4), വിജയ് (23), രമേഷ് (23) എന്നിവരും തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.