50 പൈസയിൽ തുടങ്ങിയ ഇഡലി വിൽപന’ -ഇഡലി വിറ്റു കിട്ടിയ പണംകൊണ്ട് ലോകരാജ്യങ്ങൾ ചുറ്റിയ ഒരമ്മയെക്കുറിച്ചറിയാം

news image
Mar 29, 2025, 2:32 pm GMT+0000 payyolionline.in

ജീവിതസാഹചര്യങ്ങൾ മറ്റു പല പെൺകുട്ടികളെയും പോലെ അവളെയും സ്വപ്നങ്ങൾ ഉള്ളിലൊതുക്കാൻ പ്രേരിപ്പിച്ചു. വലുതാവുംതോറും യാത്രാമോഹങ്ങളും സരസ്വതിക്കൊപ്പം വളർന്നപ്പോൾ, അമ്മയുടെ ആഗ്രഹങ്ങളെ സഫലമാക്കിക്കൊടുക്കാൻ അവർക്ക് മൂന്നു പെൺകുട്ടികൾ പിറന്നു. അങ്ങനെ ഏറെക്കാലം ഉള്ളിലടക്കിപ്പിടിച്ച മോഹങ്ങളെല്ലാം വാരിപ്പിടിച്ച് സരസ്വതി യാത്രചെയ്തത് കശ്മീരും ഡൽഹിയും മണാലിയും കടന്ന് കടലിനക്കരെ യു.എസിലേക്കും യു.എ.ഇയിലേക്കുമാണ്. ഇതിനുള്ള പണം കണ്ടെത്തിയതാകട്ടെ, മലയാളികളുടെ ഇഷ്ട വിഭവമായ ഇഡലി വിറ്റും.

കണ്ണീരും ഇല്ലായ്മയും മാത്രമായിരുന്ന ജീവിത പരീക്ഷണങ്ങളിൽനിന്ന് പതിയെ ഇഡലി കച്ചവടത്തിലൂടെ മുന്നേറിയ ആ അമ്മ ഇന്ന് നാടറിയപ്പെടുന്ന യാത്രികയും അതിലുപരി ഒരുപാട് ഹോട്ടലുകളിൽ ഉയർന്ന ഡിമാൻഡുള്ള ഇഡലി വിൽപനക്കാരിയുമാണ്.

ആടാ വേഷങ്ങ ബാക്കിയില്ല

ഇഡലി വിറ്റാണ് സരസ്വതിയുടെ തുടക്കം. ഇതിനും മുമ്പേ പശുവിനെ വളർത്തി പാൽ വിൽപന, തട്ടുകട നടത്തൽ തുടങ്ങി ജീവിതത്തിൽ പല വേഷങ്ങളുമാടി.

പ്രതിസന്ധികൾ ഏറെയുണ്ടായിരുന്നെങ്കിലും പ്രത്യാശയും കഠിനാധ്വാനവുമായിരുന്നു മുന്നോട്ടുള്ള ഊർജമെന്ന് എറണാകുളം ഗാന്ധിനഗറിലെ വീട്ടിലിരുന്ന് ഇഡലി തയാറാക്കുന്നതിന്‍റെ തിരക്കുകൾക്കിടെ സരസ്വതിയമ്മ പറയുന്നു.

പരീക്ഷണം നിറഞ്ഞ ജീവിതയാത്ര

എറണാകുളം തമ്മനം കുത്താപ്പാടിയിൽ ജനിച്ചുവളർന്ന സരസ്വതി ഭർത്താവ് അറുമുഖനൊപ്പം ജീവിതപ്രാരബ്ധങ്ങളിൽനിന്ന് രക്ഷ തേടി പലവിധ കച്ചവടങ്ങൾ നടത്തി.

കുടുംബജീവിതം ആരംഭിച്ചതു മുതൽ ജീവിതം കരക്കടുപ്പിക്കാനുള്ള ഭർത്താവ് അറുമുഖന്‍റെ നെട്ടോട്ടത്തിൽ താങ്ങായും തണലായും സരസ്വതിയുണ്ടായിരുന്നു. തമിഴ്നാട്ടിലും കർണാടകയിലും പോയി പായസമുണ്ടാക്കി തട്ടുകളിൽ കൊണ്ടുപോയി വിറ്റിട്ടുണ്ട്. അന്നെല്ലാം ആ നാടിനെ ഒരു യാത്രികയുടെ കണ്ണിലൂടെ കാണാനും സരസ്വതി മറന്നില്ല.

12 വർഷം മുമ്പ് ഭർത്താവ് ഹൃദയാഘാതം വന്ന് മരിച്ചതോടെ സരസ്വതിയുടെ ജീവിതം മുമ്പത്തേക്കാൾ വേദന നിറഞ്ഞതായി. എന്നാൽ, തളർന്നിരുന്നാൽ മക്കളെ ആരു നോക്കുമെന്ന ചിന്ത വന്നതോടെ ഇഡലി കച്ചവടം പൂർവാധികം കരുത്തോടെ തുടർന്നു.

തലചായ്ക്കാ കൂരയില്ലാതെ

ഇരുമ്പനം കല്ലുകുഴിയിൽ കീറിപ്പറിഞ്ഞ ഷീറ്റ് മേൽക്കൂരയും മണ്ണു കുഴച്ച തറയുമുള്ള കുഞ്ഞു കുടിലിൽ മഴയും വെയിലുമേറ്റ് പറക്കമുറ്റാത്ത മക്കളെയും ചേർത്തുപിടിച്ച് അരക്ഷിതമായി കഴിഞ്ഞ കാലത്തെ സ്വപ്നം തലചായ്ക്കാൻ സ്വന്തമായി അടച്ചുറപ്പുള്ളൊരു വീടായിരുന്നു. ഇതിനിടെ പാൽവിൽപനക്കായി വളർത്തിക്കൊണ്ടിരുന്ന പശുക്കൾ ഒന്നൊന്നായി ചത്തത് ഇരുട്ടടിയായി.

20ാം വയസ്സിൽ തുടങ്ങിയ കഷ്ടപ്പാടിനും കഠിനാധ്വാനത്തിനും ഒടുവിൽ വീടെന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടത് 59ാം വയസ്സിലാണ്. 2023ൽ എറണാകുളം ഗാന്ധിനഗർ സപ്ലൈകോ ഓഫിസിനു സമീപം സരസ്വതിയും കുടുംബവും സ്വന്തമായി വീടുവെച്ചു.

 

മക്കളുണ്ട്, കട്ടക്ക് കൂടെ…

സാമ്പത്തികമായി വലിയ ബുദ്ധിമുട്ടനുഭവിക്കുമ്പോഴും ഭർത്താവിനൊപ്പം ചെറിയ യാത്രകൾ നടത്തുന്നതിൽ സന്തോഷം കണ്ടെത്തിയിരുന്നു സരസ്വതി. എന്നാൽ, അവരുടെ ആ ചെറിയ സന്തോഷം ചുറ്റുമുള്ളവരിൽ ചെറുതല്ലാത്ത അസ്വസ്ഥതയുണ്ടാക്കി.

സ്വന്തമായി വീടുപോലുമില്ലല്ലോ, എന്നിട്ടിങ്ങനെ ചുറ്റിനടക്കുകയാണോ എന്നൊക്കെയുള്ള കുത്തുവാക്കുകൾ ഉയർന്നു. അതൊന്നും കേട്ട് തളർന്നിരിക്കാൻ ഇവർ തയാറല്ലായിരുന്നു.

വിദ്യാ സ്വാമിനാഥൻ, ദിവ്യ സുരേഷ്, എ. ധന്യ എന്നിങ്ങനെ മൂന്നു പെൺമക്കളാണിവർക്ക്. കുട്ടികളായിരിക്കുമ്പോൾതന്നെ അമ്മയെ സഹായിക്കാൻ ഇവർ മുന്നിലുണ്ടായിരുന്നു. വലുതായപ്പോൾ ഇഷ്ടപ്പെട്ട സ്ഥലങ്ങളിലേക്ക് അമ്മയെ കൊണ്ടുപോവാനും അവർ മുന്നിട്ടിറങ്ങി. ‍

കശ്മീരുൾപ്പെടെ പലയിടങ്ങളിലും മക്കളുമായി അമ്മ പോയി. മണാലിയിൽതന്നെ രണ്ടുതവണ പോയിട്ടുണ്ട്. തങ്ങൾ പോവുന്നിടത്തെല്ലാം അമ്മയെയും കൊണ്ടുപോവാൻ മക്കളും ശ്രദ്ധിച്ചു. ഇതിനിടെ ന്യൂയോർക്കിലും വാഷിങ്ടണിലും താമസിക്കുന്ന സഹോദരന്‍റെ മക്കളുടെ ക്ഷണം സ്വീകരിച്ച് യു.എസിലേക്കും യാത്ര ചെയ്തു.

അതായിരുന്നു തന്‍റെ ഏറ്റവും വലിയ സ്വപ്നസാഫല്യങ്ങളിലൊന്ന് എന്ന് സരസ്വതി പറയുന്നു. തിരിച്ചുവരും വഴി ദുബൈയും അബൂദബിയും സന്ദർശിച്ചു.

50 പൈസയി തുടങ്ങിയ വിപന

50 പൈസയായിരുന്നു ആദ്യമായി ഇഡലി വിറ്റപ്പോൾ വാങ്ങിയത്. പിന്നീടത് ഒരു രൂപയായി, രണ്ടു രൂപയായി, അങ്ങനെ കൂടിവന്നു. തുടക്കത്തിൽ ഒരു തട്ടുപയോഗിച്ച് വളരെ കുറച്ച് ഇഡലി മാത്രമേ ഉണ്ടാക്കിയിരുന്നുള്ളൂ. ആട്ടുകല്ലിൽ അരച്ചു തുടങ്ങി വലിയ ഗ്രൈൻഡിങ് യന്ത്രങ്ങളുപയോഗിച്ച് ഇഡലി ഉണ്ടാക്കുന്ന രീതിയിലേക്ക് അവർ ബിസിനസ് വളർത്തിയെടുത്തു.

കോവിഡിനു മുമ്പ് 5000 ഇഡലി വരെ ഒറ്റ ദിവസം വിറ്റിരുന്നു. ഇന്നും 3500 മുതൽ 4000 വരെ എല്ലാ ദിവസവും സരസ്വതിയമ്മ വീട്ടിലുണ്ടാക്കി വിൽക്കുന്നു. രാവിലെ 11.30ന് ഇഡലി അരക്കുകയും അർധരാത്രി ഒരുമണിക്ക് പാചകം ചെയ്യാൻ തുടങ്ങുകയും ചെയ്യും.

രാവിലെ ആറിന് വിതരണമാരംഭിക്കും. ഇളയ മകൾ ധന്യയും എല്ലാ കാര്യത്തിനും അമ്മക്കൊപ്പമുണ്ട്. കൊച്ചി നഗരത്തിലും കാക്കനാട്, വൈറ്റില, തൃപ്പൂണിത്തുറ തുടങ്ങി സമീപ പ്രദേശങ്ങളിലുമെല്ലാം നിരവധി കടക്കാർ ഇവരുടെ സ്ഥിരം ഉപഭോക്താക്കളാണ്.

ഇനിയും യാത്ര ചെയ്യണം

സൈക്കിൾ ബാലൻസ് പോലുമില്ലാത്ത ഇവർ ഇതിനിടെ സ്കൂട്ടറും കാറുമെല്ലാം ഓടിക്കാൻ പഠിച്ചു. അമ്മയെന്ത് ആഗ്രഹം പറഞ്ഞാലും നടത്തിക്കൊടുക്കാൻ മക്കൾ കട്ടക്ക് കൂടെയുണ്ട്. മൂത്ത മകൾ വിദ്യയും ഗാന്ധിനഗറിൽതന്നെയുണ്ട്.

ഇവരുടെ ഭർത്താവ് സ്വാമിനാഥൻ നേരത്തേ മരിച്ചുപോയി. മകൻ ഋഷികേശ് നാഥൻ കോയമ്പത്തൂരിൽ എൻജിനീയറിങ് പഠിക്കുന്നു. രണ്ടാമത്തെ മകൾ ദിവ്യയും ഭർത്താവ് സുരേഷും പൊള്ളാച്ചിയിൽ ബിസിനസ് നടത്തുന്നു. ഇവരുടെ മക്കളായ ദക്ഷിണേശ്വറും ആദീശ്വറും കടവന്ത്രയിലെ സ്കൂളിൽ പഠിക്കുന്നു.

‘‘ഇനിയും അമേരിക്ക ഉൾപ്പെടെ പല നാടുകളും കാണണമെന്നാഗ്രഹമുണ്ട്. എന്നാൽ, അടുത്തിടെ നടന്ന മുട്ടുമാറ്റിവെക്കൽ ശസ്ത്രക്രിയയും വീടുനിർമാണവുമെല്ലാം ചെറുതല്ലാത്ത ബാധ്യത വരുത്തിവെച്ചിട്ടുണ്ട്. ഇതിൽനിന്നെല്ലാം കരകയറിയിട്ടു വേണം വീണ്ടും യാത്രകൾ തുടങ്ങാൻ’’ -സരസ്വതി തന്‍റെ സ്വപ്നയാത്രകളെക്കുറിച്ച് പറഞ്ഞുനിർത്തുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe