തുലാവർഷം കനക്കുന്നു; അടുത്ത ദിവസങ്ങളിൽ ശക്തമായ മഴ, ഇടുക്കിയിൽ ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലും

news image
Oct 19, 2025, 5:56 am GMT+0000 payyolionline.in

തിരുവനന്തപുരം : സംസ്ഥാനത്ത് തുലാവർഷം കനക്കുന്നു. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും തീവ്രന്യൂനമർദ സാധ്യത നിലനിൽക്കുന്നു. തെക്കുകിഴക്കൻ അറബിക്കടലിലും അതിനോടു ചേർന്നുള്ള കേരള, കർണാടക, തീരങ്ങൾക്ക് സമീപമുള്ള ലക്ഷദ്വീപ് മേഖലയ്ക്കു മുകളിലായി നിലനിന്നിരുന്ന ന്യൂനമർദം ശക്തി കൂടിയ ന്യൂനമർദമായി മാറി. ഇത് പടിഞ്ഞാറ്–വടക്കു പടിഞ്ഞാറ് ദിശയിലേക്കു നീങ്ങി 36 മണിക്കൂറിനുള്ളിൽ തീവ്രന്യൂനമർദമായി മാറിയേക്കാമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. മാന്നാർ കടലിടുക്കിനു മുകളിലായി ചക്രവാതച്ചുഴിയും രൂപപ്പെട്ടു. ഇതിന്റെ ഫലമായി വരുന്ന 5 ദിവസം സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നും അറിയിച്ചു.

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഇന്നും പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെയും യെലോ അലർട്ട് ആയിരിക്കും. 21ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലും 22ന് കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലും യെലോ അലർട്ട് തുടരും. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശ പ്രകാരം സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറിത്താമസിക്കണം.

മഴ, ഉരുൾ, മലവെള്ളപ്പാച്ചിൽ; ഇടുക്കിയിൽ വൻനാശം നെടുങ്കണ്ടം ∙ ഒറ്റരാത്രി പെയ്ത അതിശക്തമായ മഴ ഇടുക്കിയെ വിറപ്പിച്ചു. മലയോര മേഖലയിൽ കനത്ത നാശനഷ്ടം. കരകവിഞ്ഞൊഴുകിയ കല്ലാർ പുഴയിലൂടെ വാഹനങ്ങൾ ഉൾപ്പെടെ ഒഴുകിനടക്കുന്ന കാഴ്ച കണ്ടാണ് ഇടുക്കിയിലെ മലയോര മേഖല ഇന്നലെ ഉണർന്നത്. മേഘവിസ്ഫോടനത്തിനു സമാനമായ മഴയാണു ജില്ലയിൽ പെയ്തത്. അനൗദ്യോഗിക കണക്ക് പ്രകാരം 15 ഇടങ്ങളിൽ 100 മില്ലിമീറ്ററിനു മുകളിൽ മഴ ലഭിച്ചു. മുല്ലപ്പെരിയാർ അണക്കെട്ടിൽ ഒറ്റ രാത്രി 6 അടി ജലനിരപ്പ് ഉയർന്നതോടെ രാവിലെ 9ന് 3 ഷട്ടറുകൾ തുറന്നു. ഉച്ചയ്ക്ക് 13 ഷട്ടറുകളും ഒരു മീറ്റർ വീതം ഉയർത്തിയാണു ജലനിരപ്പ് നിയന്ത്രിച്ചത്. ചെറിയ സമയത്തിനുള്ളിൽ വലിയ അളവിൽ മഴ പെയ്തതാണു ദുരിതത്തിനു കാരണമായത്. ഒപ്പം വനമേഖലകളിൽ പലയിടത്തും ഉരുൾപൊട്ടലുണ്ടായി വെള്ളം കുതിച്ചെത്തി. 2018ലെ മഹാപ്രളയത്തിൽ വെള്ളം കയറാത്ത മേഖലകൾ പോലും ഇന്നലെ വെള്ളത്തിനടിയിലായി.

ആളപായമോ പരുക്കുകളോ രേഖപ്പെടുത്തിയിട്ടില്ലെന്നത് ആശ്വാസമായി. എന്നാൽ കോടിക്കണക്കിനു രൂപയുടെ നഷ്ടമുണ്ടായി. മൂന്നാർ–കുമളി റോഡിൽ പുറ്റടിക്കു സമീപം മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. നെടുങ്കണ്ടം താന്നിമൂട്, കല്ലാർ, കൂട്ടാർ, മുണ്ടിയെരുമ, തൂവൽ എന്നിവിടങ്ങളിലും മണ്ണിടിച്ചിൽ ഉണ്ടായി. മഴ അതിശക്തമാകുമെന്ന മുന്നറിയിപ്പ് നൽകാൻ വൈകിയതിനാൽ ആളുകൾക്ക് മുൻകരുതൽ എടുക്കാൻ കഴിഞ്ഞില്ല. സന്ധ്യയ്ക്കു തുടങ്ങിയ മഴ 8 മണിക്കൂറോളം നിർത്താതെ പെയ്തു. കൂട്ടാർ, നെടുങ്കണ്ടം, തൂവൽ മേഖലയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടം. കൂട്ടാറിൽ നിർത്തിയിട്ടിരുന്ന വാൻ മലവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe