538 കോടിയുടെ തട്ടിപ്പ്: ജെറ്റ് എയർവേയ്‌സ് സ്ഥാപകൻ നരേഷ് ഗോയൽ ജുഡീഷ്യൽ കസ്റ്റഡിയിൽ

news image
Sep 15, 2023, 11:10 am GMT+0000 payyolionline.in

മുംബൈ: 538 കോടി രൂപയുടെ തട്ടിപ്പ് കേസിൽ ജെറ്റ് എയർവേയ്‌സിന്റെ സ്ഥാപകൻ നരേഷ് ഗോയലിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കാനറ ബാങ്കിൽ നിന്ന് 538 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാരോപിച്ച് ജെറ്റ് എയർവേയ്‌സിനും ഗോയലിനും മറ്റുള്ളവർക്കുമെതിരെ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട് സെപ്തംബർ ഒന്നിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഗോയലിനെ അറസ്റ്റ് ചെയ്തിരുന്നു.

ഇഡിയുടെ കസ്റ്റഡി കാലാവധി അവസാനിച്ചതിന് പിന്നാലെയാണ് ഗോയലിനെ പ്രത്യേക പി.എം.എൽ.എ കോടതിയിൽ ഹാജരാക്കിയത്. തുടർന്ന്, ആർതർ റോഡ് ജയിലിലേക്ക് അദ്ദേഹത്തെ മാറ്റി. 2011-12 നും 2018-19 നും ഇടയിലുള്ള പ്രവർത്തന ചെലവുകൾക്കായി 10 ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്ന് ജെറ്റ് എയർവേസ് വായ്പ എടുത്തിട്ടുണ്ടെന്ന് ഇ.ഡി അറിയിച്ചു.

മൊത്തം വായ്പയിൽ 6,000 കോടി രൂപ ഇപ്പോഴും കുടിശികയാണ്. കൺസൾട്ടൻസിയുടെയും പ്രൊഫഷണൽ ഫീസിന്റെയും മറവിൽ 1152 കോടി രൂപയും 2547.83 കോടി രൂപ സഹോദരിയുടെ നിർദേശപ്രകാരം ജെറ്റ് ലൈറ്റ് ലിമിറ്റഡിന് (ജെ.എൽ.എൽ) ലോൺ അടക്കാനാ‍യും വകമാറ്റിയതായി ഓഡിറ്റിൽ കണ്ടെത്തിയതായി അന്വേഷണ ഏജൻസി വ്യക്തമാക്കി. കൂടാതെ, ഗോയലിന്റെ വസതിയിൽ ജോലി ചെയ്യുന്ന കുടുംബാംഗങ്ങൾക്കും വീട്ടുജോലിക്കാർക്കും ഏകദേശം 9.46 കോടി രൂപ നൽകിയിട്ടുണ്ടെന്നും ഇ.ഡി കണ്ടെത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe