ന്യൂഡൽഹി: രാജ്യത്ത് 2000 രൂപ നോട്ടുകൾ ഇപ്പോഴും പ്രചാരണത്തിലുണ്ടെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ). ഇന്നലെ ആർ.ബി.ഐ പുറത്തിറക്കിയ ഔദ്യോഗിക കണക്കുകൾ പ്രകാരം 5,884 കോടി രൂപയുടെ മൂല്യമുള്ള 2000 രൂപ നോട്ടുകൾ രാജ്യത്ത് ഇപ്പോഴും പ്രചാരണത്തിലുണ്ട്. 2023 മേയ് 19ന് 2000 രൂപ നോട്ടുകൾ രാജ്യത്ത് നിന്നും പിൻവലിക്കുന്നതായി ആർ.ബി.ഐ പ്രഖ്യാപിച്ചിരുന്നു.
2000 രൂപ നോട്ടുകൾ പിൻവലിക്കുന്നു എന്ന് പ്രഖ്യാപിക്കുമ്പോൾ 3.56 ലക്ഷം കോടി രൂപ മൂല്യമുള്ള നോട്ടുകൾ പ്രചാരണത്തിലുണ്ടായിരുന്നു. എന്നാൽ രണ്ട് വർഷം പിന്നിട്ടപ്പോൾ 5,884 കോടി രൂപയായി കുറഞ്ഞ് 98.35 ശതമാനം രൂപയും തിരിച്ചെത്തിയതായി ആർ.ബി.പി പുറത്തുവിട്ട കണക്കിൽ പറയുന്നുണ്ട്.
2023 മേയ് 19 മുതൽ ആർ.ബി.ഐ അനുവദിച്ച 19 സ്ഥാപനങ്ങൾ വഴി 2000 രൂപ നോട്ടുകൾ മാറ്റിവാങ്ങാനുള്ള സൗകര്യവും ബാങ്ക് ഒരുക്കിയിരുന്നു. കൂടാതെ 2023 ഒക്ടോബർ 9 മുതൽ ആർ.ബി.ഐ അനുവദിച്ച ഓഫീസുകളിൽ വ്യക്തികളിൽ നിന്നും/സ്ഥാപനങ്ങളിൽ നിന്നും അവരുടെ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കുന്നതിനായി 2000 രൂപ നോട്ടുകൾ സ്വീകരിക്കാനും തുടങ്ങിയിരുന്നു.
രാജ്യത്തെ പ്രധാന നഗരങ്ങളായ അഹ്മദാബാദ്, ബംഗളൂരു, ബോലാപൂർ, ഭോപ്പാൽ, ഭുവനേശ്വർ, ചണ്ഡീഗഢ്, ചെന്നൈ, ഗുവാഹത്തി, ഹൈദരാബാദ്, ജയ്പൂർ, ജമ്മു, കാൺപൂർ, കൊൽക്കത്ത, ലഖ്നൗ, മുംബൈ, നാഗ്പൂർ, ന്യൂഡൽഹി, പട്ന, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് ആർ.ബി.ഐ ഔദ്യോഗികമായി അനുവദിച്ച ഓഫീസുകൾ ഉണ്ടായിരുന്നത്. കൂടാതെ പൊതുജനങ്ങൾക്ക് രാജ്യത്തെ ഏത് പോസ്റ്റ് ഓഫീസ് വഴിയും 2000 രൂപ നോട്ടുകൾ മാറ്റി വാങ്ങാമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി 2016 നവംബർ 8ന് പ്രചാരണത്തിലുണ്ടായിരുന്ന 1000,500 രൂപ നോട്ടുകൾ പിൻവലിക്കുകയും പകരം പുതിയ 500 രൂപ നോട്ടും 1000 രൂപക്ക് പകരം 2000 രൂപ നോട്ടുമാണ് രാജ്യത്ത് അവതരിപ്പിച്ചത്.