റിട്ടയർമെന്‍റ് ജീവിതം സുരക്ഷിതമാക്കുകയെന്നത് ഏതൊരു പൗരനെ സംബന്ധിച്ചും പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണ്. കരിയർ വിട്ട് വിശ്രമജീവിതത്തിലേക്ക് മാറുമ്പോൾ സാമ്പത്തിക ബുദ്ധിമുട്ട് നേരിടാതെ ഇരിക്കാൻ നിരവധി നിക്ഷേപ പദ്ധതികൾ നമുക്ക് മുമ്പിലുണ്ട്. സുരക്ഷിതത്വം മുൻനിർത്തിയുള്ള നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർ വിപണിയിൽ പണമിറക്കുന്നതിന് പലപ്പോഴും ധൈര്യക്കുറവ് പ്രകടിപ്പിക്കാറുണ്ട്. ഇത്തരക്കാർക്ക് തിരഞ്ഞെടുക്കാവുന്ന സുരക്ഷിതവും സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതുമായ നിക്ഷേപ പദ്ധതിയാണ് പോസ്റ്റ് ഓഫീസിന്‍റെ സീനിയര്‍ സിറ്റിസണ്‍സ് സേവിംഗ്‌സ് സ്‌കീം (SCSS).
അറുപതോ അതിന് മുകളിലോ പ്രായമുള്ള വ്യക്തികള്‍ക്കായുള്ള ഈ നിക്ഷേപ പദ്ധതി മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രതിമാസം ഇരുപതിനായിരം രൂപക്ക് മുകളിൽ വരുമാനം ലഭിക്കാന്‍ സഹായിക്കുന്ന ഒന്നാണ്. നിലവില്‍ 8.2 ശതമാനമാണ് പലിശ നിരക്ക്. ഓരോ പാദത്തിലും പലിശ നിരക്ക് പരിഷ്‌കരിക്കും. അഞ്ച് വര്‍ഷ നിക്ഷേപ കാലാവധിയുള്ള ഈ നിക്ഷേപ പദ്ധതി ആവശ്യമെങ്കില്‍ മൂന്ന് വര്‍ഷത്തേക്ക് കൂടി നീട്ടുകയും ചെയ്യാം.
പരമാവധി 30 ലക്ഷം വരെ നിക്ഷേപിക്കാവുന്ന പദ്ധതിയാണിത്. ഈ നിക്ഷേപതുകക്ക് നികുതിയില്ലെന്നതും ശ്രദ്ധേയം. ഏതെങ്കിലും പോസ്റ്റ് ഓഫീസിലോ അംഗീകൃത ബാങ്കിലോ ആധാര്‍, പാന്‍ കാര്‍ഡ് ഉൾപ്പടെയുള്ള രേഖകൾ ഉപയോഗിച്ച് അക്കൗണ്ട് തുറക്കാം. സിംഗിള്‍ അക്കൗണ്ടിലൂടെ 30 ലക്ഷം നിക്ഷേപിച്ചാൽ, 8.2% വാര്‍ഷിക പലിശ നിരക്ക് അനുസരിച്ച് ഓരോ പാദത്തിലും 61,500 രൂപ പലിശയായി മാത്രം ലഭിക്കും.
അതായത്, മാസം 20,500 ഇതിൽ നിന്നും വരുമാനം ലഭിക്കും. നിക്ഷേപം തുടങ്ങി ഒരു വര്‍ഷത്തിനകം പലിശയില്ലാതെ ഈ തുക പിന്‍വലിക്കാം. ഒരു വര്‍ഷത്തിനു ശേഷം 1.5 ശതമാനം കിഴിവോടെയും രണ്ട് വര്‍ഷത്തിനു ശേഷം ഒരു ശതമാനം കിഴിവോടെയും ആവശ്യമെങ്കില്‍ ഈ തുക പിന്‍വലിക്കാവുന്നതാണ്. ഇന്ത്യൻ സർക്കാരിന്‍റെ പിന്തുണയുള്ളത് കൊണ്ട് തന്നെ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ കൂടുതൽ സുരക്ഷിതമാണ്. ലക്ഷക്കണക്കിന് സീനിയർ പൗരന്മാർ സീനിയര്‍ സിറ്റിസണ്‍സ് സേവിംഗ്‌സ് സ്‌കീമിന്‍റെ ഗുണഭോക്താക്കളാണ്.
