കൊച്ചി: കൊച്ചിയിലെ കപ്പൽ അപകടത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പരാതി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി പിണറായി വിജയനുമാണ് പരാതി നൽകിയത്. അപകടത്തിൽപ്പെട്ട കപ്പലിലെ 643 കണ്ടെയ്നറുകളിൽ 73 എണ്ണം ഒഴിഞ്ഞവയാണ്. ഇൻഷുറസ് തട്ടിപ്പിനുള്ള ശ്രമമെന്നാണ് പരാതിക്കാരന്‍റെ ആരോപണം. വിഴിഞ്ഞം തുറമുഖത്തിന്റെ സൽപ്പേര് കളയാനുള്ള ഗൂഢാലോചനയെന്നും ആരോപണം. സാമൂഹിക പ്രവർത്തകൻ സാബു സ്റ്റീഫനാണ് പരാതി നൽകിയത്. .
അതിനിടെ കേരള തീരത്ത് അടിഞ്ഞ കണ്ടെയ്നറുകൾ കസ്റ്റംസ് പിടിച്ചെടുക്കും. കണ്ടെയ്നറിലെ സാധനങ്ങൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തത് ആയി കണക്കാക്കി ഇറക്കുമതി ചുങ്കം ചുമത്തും. കപ്പലിന്റെ ഉടമ കമ്പനി ചുങ്കം അടച്ച് സാധനം ഏറ്റെടുക്കണം. അല്ലെങ്കിൽ കണ്ടുകെട്ടും. 1962 ലെ കസ്റ്റംസ് ആക്ട് സെക്ഷൻ 21 അനുസരിച്ചാണ് നടപടി. കടലിൽ ഒഴുകി കരയ്ക്ക് അടുക്കുന്ന വസ്തുക്കൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തതായി കണക്കാക്കി നികുതി ചുമത്തണം എന്നാണ് നിയമത്തിലെ ഈ വകുപ്പ് പറയുന്നത്. ഇന്നലെ രാത്രി ചേർന്ന കസ്റ്റംസ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. കണ്ടെയ്നർ അടിഞ്ഞ സ്ഥലങ്ങളിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ എത്തി മഹസർ തയ്യാറാക്കി ഏറ്റെടുക്കും. തീരത്ത് കസ്റ്റംസ് മറൈൻ പട്രോൾ ബോട്ടുകൾ നിരീക്ഷണം ശക്തമാക്കും. ശക്തികുളങ്ങരയിൽ തീരത്ത് അടിഞ്ഞ കണ്ടയ്നറുകൾ ബോട്ടുകൾ ഉപയോഗിച്ച് കെട്ടിവലിച്ച് കൊല്ലം പോർട്ടിലേക്ക് മാറ്റും.