ബെംഗളൂരു ∙ കുട്ടിയുടെ മുറിവ് പശ ഉപയോഗിച്ച് ഒട്ടിച്ച നഴ്സിനെ കർണാടക ആരോഗ്യവകുപ്പ് സസ്പെൻഡ് ചെയ്തു. രക്ഷിതാക്കളുടെ പരാതിയിൽ അന്വേഷണം നടത്തിയാണ് ഹാവേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നഴ്സ് ജ്യോതിക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്. കഴിഞ്ഞ മാസം 14ന് കളിക്കുന്നതിനിടെ കവിളിൽ പരുക്കേറ്റ ഏഴു വയസ്സുകാരന്റെ മുറിവാണ് ഒട്ടിച്ചത്.
രക്ഷിതാക്കൾ ചോദ്യം ചെയ്തെങ്കിലും താൻ സ്ഥിരമായി പശയാണ് ഉപയോഗിക്കുന്നതെന്ന് ജ്യോതി വിശദീകരിച്ചിരുന്നു. ദൃശ്യങ്ങൾ സഹിതമാണ് പരാതി നൽകിയത്. പരാതി ഉയർന്നപ്പോൾ മറ്റൊരു ആശുപത്രിയിലേക്കു സ്ഥലം മാറ്റിയിരുന്നു. കുട്ടിക്ക് ആരോഗ്യ പ്രശ്നങ്ങളില്ലെങ്കിലും നിരീക്ഷണം തുടരുന്നതായി അധികൃതർ അറിയിച്ചു.