മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിന് 750 കോടി; സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ധനമന്ത്രി

news image
Feb 7, 2025, 6:03 am GMT+0000 payyolionline.in

തിരുവനന്തപുരം: വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല ദുരിതബാധിതർക്കുള്ള പുനരധിവാസത്തിന് 750 കോടിയുടെ പദ്ധതി. പുനരധിവാസത്തിന്‍റെ ആദ്യഘട്ടമായാണ് തുക അനുവദിച്ചതെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ വ്യക്തമാക്കി. സി.എം.ഡി.ആർ.എഫ്, എസ്.ഡി.എം.എ, പൊതു, സ്വകാര്യ മേഖലകളിൽ നിന്നുള്ള ഫണ്ടുകൾ, സ്പോൺസർഷിപ്പുകൾ എന്നിവ ഇതിനായി വിനിയോഗിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

കേരളത്തെ സങ്കട കടലിലാഴ്ത്തിയ അതിതീവ്ര ദുരന്തമാണ് വയനാട്ടിലുണ്ടായത്. ദുരന്തത്തിൽ 254 പേർക്ക് ജീവൻ നഷ്ടമായി. 44 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. 207 വീടുകൾ തകരുകയും ആയിരക്കണക്കിന് പേരുടെ ഉപജീവന മാർ​ഗം ഇല്ലാതാവുകയും ചെയ്തു. ദുരന്തം മൂലമുണ്ടായ നഷ്ടം ഏകദേശം 1202 കോടിയാണ്.

പുനരധിവാസത്തിനുള്ള ചെലവ് ഏകദേശം 2,221 കോടി വേണ്ടി വരുമെന്നാണ് വിദ​ഗ്ധ സംഘം വിലയിരുത്തിയിട്ടുള്ളത്. എല്ലാവരുടെയും സഹകരണം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പുനരധിവാസ പദ്ധതിയുമായി സർക്കാർ മുന്നോട്ടു പോകുന്നത്. മുണ്ടക്കൈ-ചൂരൽമല ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്ര ബജറ്റിൽ ധന സ​ഹായം അനുവദിച്ചിട്ടില്ല.

മറ്റു സംസ്ഥാനങ്ങളോടു കാണിച്ച നീതി കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ കേരളത്തോടും പുലർത്തും എന്നുതന്നെയാണ് ഇപ്പോഴും പ്രതീക്ഷിക്കുന്നത്. പുനരധിവാസം സമയബന്ധിതമായി പൂർത്തിയാക്കുമെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe