77-ാം റിപ്പബ്ലിക് ദിനാഘോഷത്തിൽ രാജ്യം; കർത്തവ്യപഥിൽ പത്തരയോടെ പരേഡ്, കേരളത്തിന്റെ അടക്കം 30 ടാബ്ലോകൾ, ദില്ലിയിൽ അതീവജാ​​ഗ്രത

news image
Jan 26, 2026, 3:41 am GMT+0000 payyolionline.in

ദില്ലി: 77ാമത് റിപ്പബ്ലിക് ദിനാഘോഷത്തിൽ രാജ്യം. രാജ്യത്തിന്റെ സൈനിക ശക്തിയും സാംസ്‌കാരിക വൈവിദ്ധ്യവും വിളിച്ചോതുന്ന റിപ്പബ്ലിക് ദിന പരേഡ് ഇന്ന് കർത്തവ്യപഥിൽ നടക്കും. രാവിലെ 9:30 യോടെ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദേശീയ യുദ്ധ സ്മാരകത്തിൽ എത്തുന്നതോടെ പരിപാടികൾക്ക് തുടക്കമാകും. പ്രധാനമന്ത്രി ദേശീയ യുദ്ധ സ്മാരകത്തിൽ പുഷ്പചക്രമർപ്പിക്കും. പിന്നീട് പരേഡിന് സാക്ഷിയാകാൻ കർത്തവ്യപഥിൽ എത്തും.

 

പത്തരയ്ക്ക് ശേഷമാണ് സൈനികശക്തിയും സാംസ്കാരിക ശക്തിയും വിളിച്ചോതുന്ന പരേഡ് നടക്കുക.യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വൊൻ ദെർ ലെയൻ, യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ എന്നിവരാണ് മുഖ്യാതിഥികൾ. കേരളത്തിന്റെ അടക്കം 30 നിശ്ചലദൃശ്യങ്ങൾ പരേഡിൽ അണിനിരക്കും. നൂറു ശതമാനം ഡിജിറ്റൽ സാക്ഷരതാ നേട്ടവും​ കൊച്ചി വാട്ടർ മെട്രോയും പ്രമേയമാക്കിയ നിശ്ചലദൃശ്യമാണ് കേരളം അവതരിപ്പിക്കുന്നത്. ആഘോഷ പരിപാടികൾ കണക്കിലെടുത്ത് ദില്ലിയിൽ അതീവ ജാഗ്രതയാണ്.

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ ഗവർണർ രാജേന്ദ്ര അ‍ർലെക്കർ അഭിവാദ്യം സ്വീകരിക്കും. രാവിലെ 9 മണിക്കാണ് പരേഡ് ആരംഭിക്കുക. വിവിധ സേനാവിഭാഗങ്ങൾ, എൻസിസി സ്റ്റു‍ഡന്‍റ് പൊലീസ് കേഡറ്റുകൾ തുടങ്ങിയവർ പരേഡിൽ അണിനിരക്കും. ഇതാദ്യമായി സംസ്ഥാനത്ത് നാഷണൽ സർവീസ് സ്കീം വളണ്ടിയർമാർ റിപ്പബ്ലിക് ദിന പരേഡിൽ അണിനിരക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. വിവിധ സർവകലാശാലകളിൽ നിന്നുളള 40 വിദ്യാർത്ഥികളാണ് എൻഎസ്എസിനായി പരേഡിൽ പങ്കെടുക്കുക

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe