ബംഗളൂരൂ > വ്യവസായിയായ ഭർത്താവിനെ കൊലപ്പെടുത്തിയ ഭാര്യയും സുഹൃത്തുക്കളും പിടിയിൽ. 54കാരനായ രമേഷ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രമേഷിന്റെ ഭാര്യ നിഹാരിക (29), സുഹൃത്ത് നിഖിൽ, അങ്കുർ എന്നിവരാണ് പിടിയിലായത്. ഒരാഴ്ച മുമ്പായിരുന്നു സംഭവം. രമേഷിനെ കാണാനില്ലെന്ന് നിഹാരിക പരാതി നൽകിയിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് കുടകിലെ തേയില തോട്ടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇത് രമേഷിന്റെയാണെന്ന് തിരിച്ചറിയുകയായിരുന്നു. രമേഷിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞതോടെ നിഹാരികയിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ ഇവർ കുറ്റം സമ്മതിക്കുകയായിരുന്നു.
നിഹാരികയും നിഖിലുമായി അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നിഖിലിന്റെയും അങ്കുർ എന്ന സുഹൃത്തിന്റെയും സഹായത്തോടെയാണ് നിഹാരിക കൊല നടത്തിയത്. എൻജിനിയറിങ് ബിരുദധാരിയായ നിഹാരിക ഹരിയാനയിൽ ജോലി ചെയ്യുന്നതിനിടെ സാമ്പത്തിക തട്ടിപ്പിനെ തുടർന്ന് ജയിലിലായിരുന്നു. ഇവിടെ വച്ചാണ് അങ്കുറിനെ പരിചയപ്പെടുന്നത്. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം രമേഷിനെ വിവാഹം ചെയ്തു. ആഡംബര ജീവിതമായിരുന്നു ഇവർ നയിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു. ഇതിനിടെ നിഹാരിക 8 കോടി രൂപ നൽകണമെന്ന് രമേഷിനോട് ആവശ്യപ്പെട്ടിരുന്നു. രമേഷ് ആവശ്യം നിരസിച്ചതോടെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. മൂവരും ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്തത്.
ഒക്ടോബർ ഒന്നിന് ഹൈദരബാദിലെ ഉപ്പലിൽ വച്ചാണ് മൂവരും ചേർന്ന് രമേഷിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. അതിന് പിന്നാലെ പ്രതികൾ ബംഗളുരുവിലേക്ക് പോയി. ഉപ്പലിൽ നിന്ന് 800 കിലോ മീറ്റർ അകലെ കുടകിലുള്ള ഒരു കാപ്പിത്തോട്ടത്തിൽ മൃതദേഹം കത്തിച്ചു. മൃതദേഹം പുതപ്പിട്ട് മൂടിയ ശേഷം കത്തിക്കുകയായിരുന്നു. മൃതദേഹം പൂർണമായി കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ശേഷം മൂവരും ഹൈദരബാദിലേക്ക് മടങ്ങി. രമേഷിനെ കാണാനില്ലെന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.