8 ചീറ്റകൾ കൂടി ഇന്ത്യയിലേക്ക്, നാലെണ്ണം ബോട്സ്വാനയിൽ നിന്ന്; ചീറ്റ പദ്ധതിക്കായി ഇതുവരെ ചെലവാക്കിയത് 112 കോടി

news image
Apr 19, 2025, 1:03 pm GMT+0000 payyolionline.in

ഭോപ്പാൽ: എട്ട് ചീറ്റകളെ കൂടി ഇന്ത്യയിലേക്ക് കൊണ്ടുവരാൻ തീരുമാനം. ദക്ഷിണാഫ്രിക്ക, ബോട്‌സ്വാന, കെനിയ എന്നിവിടങ്ങളിൽ നിന്ന് ചീറ്റകളെ കൊണ്ടുവരാനാണ് നീക്കം. രണ്ട് ഘട്ടങ്ങളിലായാണ് എട്ട് ചീറ്റകളെ ഇന്ത്യയിലേക്ക് എത്തിക്കുക.

ഭോപ്പാലിൽ നടന്ന ചീറ്റ പദ്ധതിയുടെ അവലോകന യോഗത്തിൽ കേന്ദ്ര പരിസ്ഥിതി, വനം മന്ത്രി ഭൂപേന്ദർ യാദവും മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവും പങ്കെടുത്തു. യോഗത്തിന് ശേഷം ദേശീയ കടുവ സംരക്ഷണ അതോറിറ്റി (എൻ‌ടി‌സി‌എ) ഉദ്യോഗസ്ഥരാണ് കൂടുതൽ ചീറ്റകളെ എത്തിക്കാനുള്ള പദ്ധതിയെ കുറിച്ച് വിവരം നൽകിയത്.

 

ദക്ഷിണാഫ്രിക്ക, ബോട്‌സ്വാന, കെനിയ എന്നീ രാജ്യങ്ങളിൽ നിന്ന് കൂടുതൽ ചീറ്റകളെ ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നാണ് എൻ‌ടി‌സി‌എ അറിയിച്ചത്. മെയ് മാസത്തോടെ ബോട്‌സ്വാനയിൽ നിന്ന് നാല് ചീറ്റകളെ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ പദ്ധതിയുണ്ട്. ഇതിനുശേഷം വേറെ നാല് ചീറ്റകളെ കൂടി കൊണ്ടുവരും. ഇന്ത്യയും കെനിയയും തമ്മിൽ ഇത് സംബന്ധിച്ച് വൈകാതെ കരാറിലെത്തുമെന്ന് എൻ‌ടി‌സി‌എ അറിയിച്ചു.

ചീറ്റ പദ്ധതിക്കായി രാജ്യത്ത് ഇതുവരെ 112 കോടിയിലധികം രൂപ ചെലവഴിച്ചതായി എൻ‌ടി‌സി‌എ ഉദ്യോഗസ്ഥർ പറഞ്ഞു. അതിൽ 67 ശതമാനം മധ്യപ്രദേശിലെ ചീറ്റ പുനരധിവാസത്തിനായി ചെലവഴിച്ചുവെന്നും പ്രസ്താവനയിൽ പറയുന്നു. പ്രൊജക്റ്റ് ചീറ്റയ്ക്ക് കീഴിൽ ഗാന്ധി സാഗർ സങ്കേതത്തിൽ ചീറ്റകളെ ഘട്ടം ഘട്ടമായി മാറ്റി പാർപ്പിക്കും. രാജസ്ഥാന്റെ അതിർത്തിയോട് ചേർന്നാണ് ഈ സങ്കേതം, അതിനാൽ മധ്യപ്രദേശും രാജസ്ഥാനും തമ്മിൽ അന്തർസംസ്ഥാന ചീറ്റ സംരക്ഷണ മേഖല സ്ഥാപിക്കുന്നതിന് തത്വത്തിൽ  കരാറിൽ എത്തിയിട്ടുണ്ടെന്ന് എൻ‌ടി‌സി‌എ അറിയിച്ചു.

കുനോ ദേശീയോദ്യാനത്തിൽ 26 ചീറ്റകളുണ്ടെന്ന് വനം ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു. അതിൽ 16 എണ്ണം തുറന്ന വനത്തിലും 10 എണ്ണം പുനരധിവാസ കേന്ദ്രത്തിലുമാണ്. ചീറ്റകളെ നിരീക്ഷിക്കാൻ സാറ്റലൈറ്റ് കോളർ ഐഡികൾ ഉപയോഗിച്ച് 24 മണിക്കൂർ ട്രാക്കിംഗ് നടത്തുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ജ്വാല, ആശ, ഗാമിനി, വീര എന്നീ പെൺ ചീറ്റകൾ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. രണ്ട് വർഷത്തിനുള്ളിൽ കുനോ നാഷണൽ പാർക്കിലെ വിനോദസഞ്ചാരികളുടെ എണ്ണം ഇരട്ടിയായെന്നും അവർ പറഞ്ഞു.

അഞ്ച് പെൺചീറ്റകളും മൂന്ന് ആണ്‍ചീറ്റകളും അടങ്ങുന്ന എട്ട് നമീബിയൻ ചീറ്റകളെ 2022 സെപ്റ്റംബർ 17 നാണ് കുനോയിൽ തുറന്നുവിട്ടത്. 2023 ഫെബ്രുവരിയിൽ ദക്ഷിണാഫ്രിക്കയിൽ നിന്ന് കുനോയിലേക്ക് 12 ചീറ്റകളെ കൂടി കൊണ്ടുവന്നു. ഇന്ത്യയിൽ ജനിച്ച 14 കുഞ്ഞുങ്ങൾ ഉൾപ്പെടെ 26 ചീറ്റപ്പുലികളാണ് കുനോ നാഷണൽ പാർക്കിലുള്ളത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe