8 തവണ വോട്ട് ചെയ്ത് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; ഉത്തര്‍പ്രദേശില്‍ കൗമാരക്കാരൻ അറസ്റ്റിൽ, വീഴ്ച വരുത്തിയ ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷന്‍

news image
May 20, 2024, 8:11 am GMT+0000 payyolionline.in

ലക്നൗ: ഉത്തര്‍പ്രദേശില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്കായി എട്ട് തവണ വോട്ട്  ചെയ്ത കൗമാരക്കാരന്‍ അറസ്റ്റില്‍. ഫറൂക്കാബാദിലെ പോളിംഗ് ബൂത്തില്‍ റീപോളിംഗ് നടത്താന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ തെരഞ്ഞെടുപ്പ് കമ്മീഷനോടാവശ്യപ്പെട്ടു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യാനും തീരുമാനിച്ചു.

ഒരു തവണയല്ല, എട്ട് തവണയാണ് ഇയാൾ വോട്ട് ചെയ്യുന്നത്. ഓരോ തവണ ചെയ്യുമ്പോഴും കണക്ക് തെറ്റാതെ പോളിംഗ് ബൂത്തിനുള്ളില്‍ കൊണ്ടുപോയ  മൊബൈല്‍ ഫോണിന്‍റെ  ക്യമറ നോക്കി എണ്ണവും പറയുന്നത് ദൃശ്യങ്ങളിൽ കാണാം. ഫറൂക്കാബാദ് ലോക്സഭ മണ്ഡലത്തിലെ പോളിംഗ് ബൂത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി മുകേഷ് രാജ്പുതിനാണ് തുടരെ തുടരെ വോട്ട് ചെയ്യുന്നത്. വിവി പാറ്റ് മെഷീനില്‍  കൃത്യമായി രേഖപ്പെടുുത്തുന്നതും ചിത്രീകരിക്കുന്നുണ്ട്.

ഹീറോ ആകാന്‍ വേണ്ടി യുവാവ് സമൂഹമാധ്യമങ്ങളില്‍ ദൃശ്യവും പങ്കു വച്ചിരുന്നു. നാലാം ഘട്ടത്തിലായിരുന്നു ഫറൂക്കാബാദിലെ തെരഞ്ഞെടുപ്പ്. കഴിഞ്ഞ തിങ്കളാഴ്ചയാണ് പയ്യന്‍ കൃത്യം നിര്‍വഹിച്ചത്. കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും വിഡിയോ പങ്കു വച്ചതിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുല്‍ ഗാന്ധിയും‌ അഖിലേഷ് യാദവും രൂക്ഷ വിമര്‍ശനമുയര്‍ത്തി. പിന്നാലെ ദൃശ്യം പരിശോധിച്ച ഉത്തര്‍പ്രദേശിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നടപടിക്ക് നിര്‍ദ്ദേശിക്കുകയായിരുന്നു.

രാജന്‍ സിംഗെന്നാണ് പ്രതിയുടെ പേര്. ഇയാൾ ഗ്രാമമുഖ്യന്‍റെ മകനാണ്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് പോളിംഗ് ബൂത്തിനുള്ളില്‍ കടന്ന് കൃത്യം നിര്‍വഹിച്ചത്. വരിയിലുണ്ടായിരുന്നവരുടെ സ്ലിപ്പും തിരിച്ചറിയല്‍ കാര്‍ഡും വാങ്ങിയായിരുന്നു കൂട്ടവോട്ട് ചെയ്തത്. ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്  ചെയ്തിരിക്കുന്നത്. നേരത്തെ മൂന്നാം ഘട്ടത്തില്‍ ഭോപ്പാലിലെ ബെെറാസിയയില്‍ ബിജെപി നേതാവ് പ്രായപൂര്‍ത്തിയാകാത്ത മകനൊപ്പമെത്തി, മകനെക്കൊണ്ട് ബിജെപി സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യിച്ചതും വിവാദമായിരുന്നു. സംഭവത്തില്‍ പ്രിസൈഡിംഗ് ഓഫീസറെ സസ്പെന്‍ഡ് ചെയ്യുകയും ബിജെപി നേതാവ് വിനയ് മെഹറിനെതിരെ കേസെടുക്കകയും ചെയ്തിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe