81 അയല്‍ കൂട്ടം, 650 ഗുണഭോക്താക്കള്‍; മലപ്പുറത്ത് ഇന്ന് വിതരണം ചെയ്യുക നാലര കോടി രൂപയുടെ വായ്പ

news image
Mar 13, 2024, 6:32 am GMT+0000 payyolionline.in

മലപ്പുറം: പി.എം സൂരജ് പോര്‍ട്ടല്‍ പദ്ധതിയിലൂടെ രാജ്യമൊട്ടാകെ ഒരുലക്ഷം ഗുണഭോക്താക്കള്‍ക്ക് കുറഞ്ഞ പലിശ നിരക്കിലുള്ള വായ്പ വിതരണവും ശുചീകരണ തൊഴിലാളികള്‍ക്കുള്ള ആയുഷ്മാന്‍ ഹെല്‍ത്ത് കാര്‍ഡ്, പി.പി.ഇ കിറ്റ് എന്നിവയുടെ വിതരണോദ്ഘാടനവും പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വൈകീട്ട് നാലു മണിക്ക് ഓണ്‍ലൈനായി നിര്‍വ്വഹിക്കും. പരിപാടിയുടെ ഭാഗമായി മലപ്പുറം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഉച്ചയ്ക്ക് രണ്ടു മുതല്‍ നടക്കുന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് സ്വാഗതവും എ.ഡി.എം കെ.മണികണ്ഠന്‍ നന്ദിയും പറയും. വിവിധ വകുപ്പ് മേധാവികള്‍, എം.പിമാര്‍, എം.എല്‍.എമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും ഉള്‍പ്പെടുത്തി 523 ജില്ലകളില്‍ അതാത് സംസ്ഥാനങ്ങളിലെ സാമൂഹ്യക്ഷേമ / പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന / പിന്നോക്ക ക്ഷേമ / നഗര വികസന വകുപ്പുകളുമായി സഹകരിച്ച് ജില്ലാ ഭരണകൂടമാണ് പരിപാടി സംഘടിപ്പിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി സംവദിക്കും. മലപ്പുറം ജില്ലയില്‍ വെട്ടത്തൂര്‍, തെന്നല, എടവണ്ണ, തിരുവാലി, സി.ഡി.എസുകള്‍ക്ക് അനുവദിച്ച 4,65,57,000 രൂപയുടെ വായ്പാ വിതരണമാണ് നടക്കുന്നത്. 81 അയല്‍ കൂട്ടങ്ങളില്‍ നിന്നായി 650 ഗുണഭോക്താക്കള്‍ക്ക് വായ്പയുടെ പ്രയോജനം ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

തിരുവാലി സി.ഡി.എസിലെ 19 അയല്‍ക്കൂട്ടങ്ങളിലെ 236 അംഗങ്ങള്‍ക്കായി 1,19,25,000 രൂപയും എടവണ്ണ സി.ഡി.എസിലെ 31 അയല്‍ക്കൂട്ടങ്ങളിലെ 154 അംഗങ്ങള്‍ക്കായി 1,52,00,000 രൂപയും തെന്നല സി.ഡി.എസിലെ 16 അയല്‍ക്കൂട്ടങ്ങളിലെ 121 അംഗങ്ങള്‍ക്കായി 81,70,000 രൂപയും വെട്ടത്തൂര്‍ സി.ഡി.എസിലെ 15 അയല്‍ക്കൂട്ടങ്ങളിലെ 139 അംഗങ്ങള്‍ക്കായി 1,12,62,000 രൂപയും വിതരണം ചെയ്യും. ജില്ലയില്‍ നിന്നും തെരഞ്ഞെടുത്ത ശുചീകരണ തൊഴിലാളികള്‍ക്ക് നമസ്തേ ആയുഷ്മാന്‍ ഹെല്‍ത്ത് കാര്‍ഡും ചടങ്ങില്‍ വിതരണം ചെയ്യും. നാഷണല്‍ സഫായി കരംചാരി ഫിനാന്‍സ് ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍, ദേശീയ പിന്നോക്ക ധനകാര്യ വികസന കോര്‍പ്പറേഷന്‍ എന്നിവയുടെ ചാനലിങ് ഏജന്‍സിയായ കെ.എസ്.ബി.സി.ഡി.സി മുഖേനയാണ് വായ്പ വിതരണം ചെയ്യുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe