9 വർഷംകൊണ്ട് എല്ലാം ശരിയായി; എൽഡിഎഫ് പൊതുയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ

news image
May 7, 2025, 1:58 pm GMT+0000 payyolionline.in

ആലപ്പുഴ:എൽഡിഎഫ് വന്നാൽ എല്ലാം ശരിയാകും എന്ന 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പുകാലത്തെ മുദ്രാവാക്യം അന്വർഥമാക്കാൻ 9 വർഷത്തെ എൽഡിഎഫ് ഭരണം കൊണ്ടു കഴിഞ്ഞെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന്റെ നാലാം

വാർഷികത്തിന്റെ ഭാഗമായി നടന്ന എൽഡിഎഫ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൽ നിക്ഷേപം നടത്താനെത്തിയവർ ഇവിടുത്തെ റോഡുകളുടെ അവസ്ഥ കണ്ട് മടങ്ങിപ്പോയ കാലമുണ്ടായിരുന്നു. ആ അവസ്ഥ മാറി. യുഡിഎഫ് സർക്കാർ സ്ഥലമേറ്റെടുത്തു നൽകാത്തതിനാൽ മുടങ്ങിപ്പോയ ദേശീയപാത വികസനം എൽഡിഎഫ് സർക്കാരിന്റെ നിശ്ചയദാർഢ്യത്തിലാണു വീണ്ടും ആരംഭിച്ചത്.

5600 കോടി രൂപയാണ് സ്ഥലമേറ്റെടുക്കാൻ സംസ്ഥാനം നൽകിയത്. മറ്റൊരു സംസ്ഥാനവും ദേശീയ പാതയ്ക്കു സ്ഥലമേറ്റെടുക്കാൻ പണം നൽകിയിട്ടില്ല. സ്ഥലമേറ്റെടുത്തു നൽകുന്ന കാര്യത്തിൽ യുഡിഎഫ് സർക്കാർ കാണിച്ച കെടുകാര്യസ്ഥതയ്ക്കു നാം കൊടുക്കേണ്ടി വന്ന പിഴയാണ് ആ 5600 കോടി. മലയോര ഹൈവേക്കും  തീരദേശ ഹൈവേക്കുമായി സർക്കാർ 10,000 കോടി രൂപ മാറ്റിവച്ചു. കോവളം ബേക്കൽ ജലപാത അതിവേഗം പൂർത്തിയാകുന്നു. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെല്ലാം കേരളം വലിയ നേട്ടങ്ങൾ കൈവരിച്ചു. കോവിഡ് കാലത്ത് യുഡിഎഫ് ആയിരുന്നു കേരളം ഭരിച്ചതെങ്കിൽ ലോകത്തിന്റെ പല ഭാഗത്തും സംഭവിച്ച ദുരന്തം കേരളത്തിലും സംഭവിക്കുമായിരുന്നു.

ലൈഫ് മിഷൻ വഴി 4.5 ലക്ഷം വീടുകൾ നിർമിച്ചു. കിഫ്ബി വഴി 50000 കോടി രൂപയുടെ വികസനം നടപ്പാക്കുമെന്നു പറഞ്ഞപ്പോൾ പ്രതിപക്ഷം പരിഹസിച്ചു. കിഫ്ബി വഴി 96000 കോടി രൂപയുടെ വികസന പദ്ധതികൾ പൂർത്തിയാക്കി. വ്യവസായ സൗഹൃദ അന്തരീക്ഷത്തിൽ കേരളം ഒന്നാമതെത്തി. എൽഡിഎഫ് അല്ലായിരുന്നു ഭരണത്തിലെങ്കിൽ ഇതെല്ലാം നടക്കുമായിരുന്നോയെന്നു മുഖ്യമന്ത്രി ചോദിച്ചു.

സിപിഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ പി.പ്രസാദ്, സജി ചെറിയാൻ, സിപിഎം ജില്ലാ സെക്രട്ടറി ആർ.നാസർ, എൻസിപി സംസ്ഥാന പ്രസിഡന്റ് തോമസ് കെ.തോമസ് എംഎൽഎ, സിപിഎം കേന്ദ്ര കമ്മിറ്റി അംഗം സി.എസ്.സുജാത, എംഎൽഎമാരായ പി.പി.ചിത്തരഞ്ജൻ, എച്ച്.സലാം, എം.എസ്.അരുൺകുമാർ, ദലീമ ജോജോ, ജോബ് മൈക്കിൾ, കക്ഷി നേതാക്കളായ ജയ്സപ്പൻ മത്തായി, ഐ.ഷിഹാബുദ്ദീൻ, ഡോ.കെ.സി.ജോസഫ്, കൊല്ലങ്കോട് രവീന്ദ്രൻ നായർ, ടി.എൻ.സുരേഷ് കോവളം, കെ.വി.ഉദയഭാനു എന്നിവർ പ്രസംഗിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe