CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; തിരുവനന്തപുരം മേഖല രണ്ടാം സ്ഥാനത്ത്

news image
May 13, 2025, 6:57 am GMT+0000 payyolionline.in

സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ചൊവ്വാഴ്ച രാവിലെയാണ് ഫലം പ്രസിദ്ധീകരിച്ചത്. cbse.gov.in, results.cbse.nic.in, cbseresults.nic.inഎന്നീ ഔദ്യോ​ഗിക വെബ്സൈറ്റുകളിൽ ഫലം ലഭ്യമാണ്. ഔദ്യോഗിക വെബ്സൈറ്റുകൾക്ക് പുറമെ, എസ്എംഎസ്, ഡിജിലോക്കർ, ഐവിആർഎസ്/കോൾ, ഉമാംഗ് മൊബൈൽ ആപ്ലിക്കേഷൻ എന്നിവ വഴിയും ഫലം ലഭ്യമാകും. റോൾ നമ്പർ, ജനനത്തീയതി, സ്കൂൾ നമ്പർ, അഡ്മിറ്റ് കാർഡ് ഐഡി തുടങ്ങിയ ലോഗിൻ വിവരങ്ങൾ നൽകി ഫലം പരിശോധിക്കാം. പത്താം ക്ലാസ് ഫലവും ഉടൻ പ്രസിദ്ധീകരിക്കുമെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പന്ത്രണ്ടാം ക്ലാസിൽ വിജയശതമാനത്തിൽ 0.41 ശതമാനത്തിന്റെ വർധനവുണ്ട്. 88.39 ആണ് ഇത്തവണത്തെ വിജയശതമാനം. 2024-ൽ ഇത് 87.98 ശതമാനമായിരുന്നു. 99.60 വിജയശതമാനത്തോടെ വിജയവാഡ മേഖലയാണ് മുന്നിൽ. 99.32 ശതമാനം നേടിയ തിരുവനന്തപുരം മേഖലയാണ് രണ്ടാമത്. 79.53 വിജയശതമാനം മാത്രമുള്ള യു.പി.യിലെ പ്രയാ​ഗ്രാജ് ആണ് പിന്നിൽ.

ഏകദേശം 44 ലക്ഷം വിദ്യാർഥികളാണ് ഈ വർഷം സിബിഎസ്ഇ ബോർഡ് പരീക്ഷകൾക്കായി രജിസ്റ്റർ ചെയ്തത്. ഇതിൽ 24.12 ലക്ഷം വിദ്യാർഥികൾ പത്താം ക്ലാസിലും 17.88 ലക്ഷം പേർ പന്ത്രണ്ടാം ക്ലാസിലും പരീക്ഷയെഴുതി. 2025 ഫെബ്രുവരി 15-നും ഏപ്രിൽ നാലിനും ഇടയിലായിരുന്നു പരീക്ഷകൾ. പത്താം ക്ലാസ് പരീക്ഷകൾ മാർച്ച് 18-നും പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ ഏപ്രിൽ 4-നും സമാപിച്ചു.

2024-ൽ പത്താം ക്ലാസിലെ വിജയശതമാനം 93.60% ആയിരുന്നു. അന്ന് ആകെ 22,38,827 വിദ്യാർഥികൾ പരീക്ഷ എഴുതിയപ്പപ്പോൾ അതിൽ 20,95,467 പേർ വിജയിച്ചു. അതേസമയം, പന്ത്രണ്ടാം ക്ലാസിലെ വിജയശതമാനം 87.98% ഉം ആയിരുന്നു. ഇതിൽ, 16,21,224 വിദ്യാർഥികൾ പരീക്ഷയെഴുതുകയും 14,26,420 പേർ വിജയിക്കുകയും ചെയ്തു. 2023-ലെ ഫലങ്ങളെ അപേക്ഷിച്ച് നേരിയ വർധനവ് 2024-ലുണ്ടായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe