E 20 പെട്രോളില്‍ മൈലേജ് പേടിവേണ്ട, ട്യൂൺ ചെയ്യൂ: തുരുമ്പില്‍ തരിമ്പും ആശങ്കവേണ്ടെന്ന് കേന്ദ്രം

news image
Aug 18, 2025, 2:28 pm GMT+0000 payyolionline.in

20 ശതമാമനം എഥനോള്‍ കലര്‍ന്ന പെട്രോള്‍ പഴയ വാഹനങ്ങള്‍ക്ക് കേടുവരുത്തുമെന്ന പ്രചരണങ്ങള്‍ തള്ളി കേന്ദ്ര പെട്രോളിയം ആന്‍ഡ് നാച്വറല്‍ ഗ്യാസ് മന്ത്രാലയം. ഇ20 പെട്രോള്‍ വാഹനങ്ങളുടെ പ്രകടനത്തെ ബാധിക്കില്ലെന്നും ഇത് വാഹനങ്ങള്‍ക്ക് യാതൊരു കേടുപാടുകളും വരുത്തുന്നില്ലെന്നുമാണ് കേന്ദ്ര പെട്രോളിയം ആന്‍ഡ് നാച്വറല്‍ ഗ്യാസ് മന്ത്രാലയം ഉറപ്പുനല്‍കുന്നത്.

ഇ20 പെട്രോള്‍ ഉപയോഗിക്കുന്നതിന്റെ ഫലമായി വാഹനത്തിന്റെ ഇന്ധനക്ഷമതയില്‍ കുറവുണ്ടാകാന്‍ സാധ്യതയുണ്ട്. എന്‍ജിന്‍ ട്യൂണിങ്ങിലൂടെ ഇത് മറികടക്കാനാകും. എന്നാല്‍, വാഹനങ്ങളുടെ പ്രകടനം കുറയ്ക്കുകയോ തേയ്മാനം ഉണ്ടാക്കുകയോ ചെയ്യില്ലെന്നും മന്ത്രാലയം ഉറപ്പിച്ച് പറയുന്നു. രാജ്യത്തുടനീളമുള്ള പമ്പുകളില്‍ ഇ20 ഇന്ധനം എത്തിയതോടെ ഇത് വാഹനങ്ങള്‍ക്ക് ദോഷകരമാണെന്ന ആശങ്കയും വ്യപകമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് മന്ത്രാലയത്തിന്റെ വിശദീകരണം.

എഥനോള്‍ എന്നത് പെട്രോളിനെക്കാള്‍ ഊര്‍ജസാന്ദ്രത കുറഞ്ഞ ഇന്ധമാണ്. അതുകൊണ്ടാണ് ഇ20 പെട്രോള്‍ ഉപയോഗിക്കുന്ന വാഹനങ്ങളില്‍ ഇന്ധനക്ഷമത കുറയുന്നത്. ഇ10 നിലവാരത്തിലുള്ള പെട്രോള്‍ ഉപയോഗിക്കുന്ന തരത്തില്‍ ഒരുങ്ങിയിട്ടുള്ള വാഹനങ്ങളില്‍ മാത്രമാണ് ഇന്ധനക്ഷമതയില്‍ കുറവുണ്ടാകുന്നത്. അതേസമയം, പഴയ വാഹനങ്ങളെ സംബന്ധിച്ച് ഇത്തരത്തിലുള്ള യാതൊരു ആശങ്കയുടെയും ആവശ്യമില്ലെന്നാണ് മന്ത്രാലയത്തിന്റെ വിശദീകരണം.

പഴയ വാഹനങ്ങളില്‍ ഇ20 ഇന്ധനം ഉപയോഗിക്കുന്നതിലൂടെ എന്‍ജിന്‍ പാര്‍ട്‌സുകളില്‍ തുരുമ്പ് പിടിക്കുമെന്നാണ് മറ്റൊരു ആശങ്ക. എന്നാല്‍, തുരുമ്പിനെ പ്രതിരോധിക്കുന്ന സംവിധാനം ഉള്‍പ്പെടെയുള്ള ബിഐഎസ് സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഇ20 ഇന്ധനം ഒരുങ്ങുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. എഥനോള്‍ കലര്‍ന്ന പെട്രോള്‍ ഉപയോഗിക്കുന്ന വാഹനങ്ങളുടെ മെക്കാനിക്കല്‍ സംവിധാനങ്ങള്‍ക്കും പ്രകടനത്തിനും കുറവ് സംഭവിക്കുന്നില്ലെന്ന് പഠനങ്ങളിലൂടെ തെളിയിച്ചിട്ടുണ്ടെന്നും വിശദീകരണ കുറിപ്പില്‍ പറയുന്നു.എഥനോള്‍ ചേര്‍ത്ത പെട്രോള്‍ വാഹനങ്ങളില്‍ കേടുപാടുകള്‍ ഉണ്ടാക്കുമെന്ന പ്രചരണത്തിനെതിരെ കഴിഞ്ഞ ദിവസം മന്ത്രി നിതിന്‍ ഗഡ്കരിയും രംഗത്തെത്തിയിരുന്നു. ഇ20 പെട്രോള്‍ ഉപയോഗിച്ചതിലൂടെ ഏതെങ്കിലും കാറിന് എന്തെങ്കിലും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടോയെന്നും ഉണ്ടെങ്കില്‍ ഒരെണ്ണമെങ്കിലും കാണിച്ചുതരണമെന്നുമാണ് മന്ത്രി വെല്ലുവിളിച്ചത്. ക്രൂഡ് ഓയിലിന്റെ ഇറക്കുമതി കുറയ്ക്കാനും മലിനീകരണം കുറയ്ക്കാനും എഥനോള്‍ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe