കൊയിലാണ്ടി: വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയ ബസ് കണ്ടക്ടർ പിടിയിൽ. ശ്രീരാം ബസിലെ കണ്ടക്ടറായ കൊയിലാണ്ടി മുത്താമ്പി സ്വദേശി പോകോത്ത് താഴെകുനി വീട്ടിൽ ശ്രീനാഥി(22)നെയാണ് വനിത പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം പരാതിക്കാരിയായ വിദ്യാർഥിനി രാവിലെ കൊയിലാണ്ടി ഭാഗത്തുനിന്നു കോഴിക്കോട്ടേക്ക് കയറിയതായിരുന്നു. ബസ് എലത്തൂരിൽ എത്തിയപ്പോഴാണ് പ്രതി വിദ്യാർഥിനിക്കെതിരെ ലൈംഗികാതിക്രമശ്രമം നടത്തിയത്. കോഴിക്കോട് ഇറങ്ങിയ ഉടൻ വിദ്യാർഥിനി വനിത പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി.
തുടർന്ന് വനിത പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടറായ ശ്രീസിത, സി.പി.ഒമാരായ ജീൻസു, ദിജുഷ, സീന എന്നിവർ ചേർന്ന് പ്രതിയെ പുതിയ ബസ് സ്റ്റാൻഡ് പരിസരത്തുവെച്ച് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.