തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരളത്തിലെ ജനങ്ങൾക്ക് അഞ്ചിന ഗ്യാരന്റിയുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. എല്ലാ സ്ത്രീകൾക്കും കെഎസ്ആർടിസിയിൽ സൗജന്യ യാത്ര എന്നതാണ് ഒന്നാമത്തെ ഗ്യാരന്റി. ഇതോടൊപ്പം തന്നെ കോളേജ് വിദ്യാർത്ഥിനികൾക്ക് പ്രതിമാസം ആയിരം രൂപ നൽകുമെന്നും പ്രഖ്യാപനമുണ്ട്. യുഡിഎഫ് അധികാരത്തിൽ എത്തിയാൽ ക്ഷേമ പെൻഷൻ മൂവായിരം രൂപയാക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണ് മറ്റൊന്ന്. എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം വരെ സൗജന്യ ആരോഗ്യ ഇൻഷുറൻസ് ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ബിസിനസുകൾ ആരംഭിക്കുന്നതിന് യുജനങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വരെ പലിശരഹിത വായ്പ, മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി പ്രത്യേക വകുപ്പ് എന്നിങ്ങനെയാണ് മറ്റ് രണ്ട് ഗ്യാരന്റികൾ. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിച്ച പുതുയുഗ യാത്രയുടെ സമാപന വേദിയിലായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനം.
കേരളത്തിൽ സിപിഐഎം, ബിജെപി കൂട്ടുകെട്ടാണെന്നുള്ള വിമർശനവും രാഹുൽ ഗാന്ധി ഉന്നയിച്ചു. ബിജെപിയും സിപിഐഎമ്മും കേരളത്തിൽ ഘടകക്ഷികളാണ്. യുഡിഎഫിനെതിരെ ഒറ്റക്കെട്ടായി അവർ പ്രവർത്തിക്കുകയാണ്. ഈ കേരള സർക്കാരിന് എന്ത് കമ്മ്യൂണിസ്റ്റ് സ്വഭാവമാണ് ഉള്ളത്. താൻ കണ്ടതിൽവെച്ച് ഏറ്റവും വലിയ കോർപ്പറേറ്റ് സർക്കാരാണ് കേരളത്തിലുള്ളതെന്നും രാഹുൽ ഗാന്ധി വിമർശിച്ചു. കോർപ്പറേറ്റ് പാർട്ടി ഓഫ് ഇന്ത്യ എന്ന് സിപിഐഎമ്മിന്റെ പേര് മാറ്റണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കേരളത്തിൽ വ്യാപകമായ തൊഴിലില്ലായ്മയുണ്ട്. മോദി രാജ്യത്തെ തൊഴിൽ മേഖലയും സിപിഐഎം കേരളത്തിലെ തൊഴിൽ മേഖലയും തകർത്തു. യുവാക്കൾക്ക് തൊഴിൽ കൊടുക്കാൻ നടപടിയെടുക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും രാഹുൽ ഗാന്ധി രൂക്ഷ വിമർശനം ഉന്നയിച്ചു. അമേരിക്കയുമായി കരാറിൽ ഒപ്പിട്ട് നരേന്ദ്ര മോദി രാജ്യത്തെ വഞ്ചിച്ചതായി രാഹുൽ ഗാന്ധി പറഞ്ഞു. കരാർ ജനങ്ങളെ ബാധിക്കും. ഒരു പ്രധാനമന്ത്രിയും കാർഷിക മേഖല വിദേശ രാജ്യത്തിന് തുറന്നുകൊടുത്തിട്ടില്ല. കരാർ കാർഷിക മേഖല മേഖലയെ തർക്കുന്ന നിലയിലെത്തിക്കും. അമേരിക്ക പറയുന്നവരിൽ നിന്ന് മാത്രമേ എണ്ണ വാങ്ങൂ എന്ന് പ്രധാനമന്ത്രി തീരുമാനിച്ചു. ഒരു പ്രധാനമന്ത്രിയും സാധാരണ നിലയിൽ ഇങ്ങനെ ചെയ്യില്ല. റഷ്യയുടെ എണ്ണ വാങ്ങാൻ അമേരിക്കയുടെ സമ്മതം കാത്തുനിൽക്കുന്ന ഇന്ത്യയെ സങ്കൽപ്പിക്കാനാകുമോ എന്ന് രാഹുൽ ഗാന്ധി ചോദിച്ചു. പ്രധാനമന്ത്രി വിട്ടുവീഴ്ചയ്ക്ക് വിധേയനായി എന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
എപ്സ്റ്റീൻ ഫയലുകളെയും രാഹുൽ ഗാന്ധി പ്രസംഗത്തിൽ പരാമർശിച്ചു. അനിൽ അംബാനിയുടെയും ഹർദീപ് സിംഗ് പുരിയുടെയും പേരുകൾ ഫയലുകളിൽ ഉണ്ടെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. മോദി ഇത് രാജ്യത്തെ ജനങ്ങൾ മുന്നിൽ വ്യക്തമാക്കേണ്ടി വരും. ബിജെപിയുടെ ധനകാര്യ സ്രോതസ് വെളിപ്പെടുമെന്ന് ആശങ്കയുണ്ടെന്നും അതുകൊണ്ടാണ് അമേരിക്കയുമായി വിട്ടുവീഴ്ചയ്ക്ക് തയ്യാറാവുന്നതെന്നും രാഹുൽ പറഞ്ഞു. നരേന്ദ്രമോദിയാണ് കേരളത്തിന്റെ മുഖ്യമന്ത്രിയെ നിയന്ത്രിക്കുന്നതെങ്കിൽ ട്രംപ് മോദിയെ നിയന്ത്രിക്കുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
സിബിഐയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും പ്രതിപക്ഷത്തെ മാത്രം പിന്തുടരുകയാണ്. എന്നാൽ കേരളത്തിലെ സിപിഐഎമ്മിനെ തൊടാൻ തയ്യാറാവുന്നില്ല. തനിക്കെതിരെ 36 കേസുകളുണ്ട്. ഇ ഡി എന്തുകൊണ്ട് മുഖ്യമന്ത്രിക്കെതിരെ നടപടിയിലേക്ക് കടക്കുന്നില്ല. മോദിയും പിണറായിയും ഒന്നിച്ചാണ് പ്രവർത്തിക്കുന്നതെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
