പെരുമാൾപുരത്തും തിക്കോടിയിലും ലോറി ചെരിഞ്ഞ് അപകടാവസ്ഥയിലായി: പയ്യോളിയിൽ വൻ ഗതാഗതക്കുരുക്ക്

news image
Jul 7, 2025, 4:14 am GMT+0000 payyolionline.in

പയ്യോളി: മഴ കനത്തതോടെ റോഡിൽ രൂപപ്പെട്ട കുഴികൾ കാരണം തിങ്കളാഴ്ച കാലത്തും പയ്യോളി മേഖലയിൽ കനത്ത ഗതാഗതക്കുരുക്ക്.പെരുമാൾ പുരത്തെ വെള്ളക്കെട്ടിൽ ഭാരം കയറ്റിയ ലോറി കുഴിയിൽ വീണ് കയറാൻ ആകാതെ വന്നത് മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കിനാണ് ഇടയാക്കിയത്. കോട്ടയത്തേക്ക് മരവുമായി പോവുകയായിരുന്ന ലോറിയാണ് അപകടാവസ്ഥയിൽ ആയത്. പോലീസ് ഇടപെട്ട് പിന്നീട് നിർമ്മാണ കമ്പനിയുടെ ഹൈഡ്രോളിക് ക്രെയിൻ സ്ഥലത്തെത്തിച്ചാണ് ലോറി ഉയർത്തി ഗതാഗതം പുനസ്ഥാപിച്ചത്.

 

 

ആറുവരി പാതയുടെ നിർമ്മാണം കഴിഞ്ഞ തിക്കോടി പാലൂരിൽ സമാനമായ മറ്റൊരു ലോറി ചെരിഞ്ഞ് അപകടാവസ്ഥയിൽ ആയത് ഗതാഗത തടസ്സത്തിനിടയാക്കി. കണ്ണൂരിൽ നിന്ന് പെരുമ്പാവൂരിലെ പ്ലൈവുഡ് ഫാക്ടറിലേക്ക് മരവുമായി പോവുകയായിരുന്നു ലോറിയാണ് അപകടാവസ്ഥയിൽ ആയത്. ഇതേ തുടർന്ന് തിക്കോടി മേഖലയിൽ ദേശീയപാതക ഇരുവശത്തേക്കുള്ള ഗതാഗതം സർവീസ് റോഡ് വഴി തിരിച്ചുവിട്ടത് കൂടുതൽ ഗതാഗതക്കുരുക്കിന് കാരണമായി. തിങ്കളാഴ്ച രാവിലത്തെ പതിവ് തിരക്ക് കൂടി ആയതോടെ ബസ്സുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ പല വഴിയിലൂടെ തിരിച്ചു വിടേണ്ടി വന്നു. കഴിഞ്ഞദിവസം ജില്ലാ കലക്ടർ ഇടപെട്ട് റോഡിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ ദേശീയപാത അതോറിറ്റിയോടും നിർമ്മാണ കമ്പനിയോടും ആവശ്യപ്പെട്ടിരുന്നെങ്കിലും കുഴിയുള്ള ഇടങ്ങളിൽ മെറ്റൽ പാകി അധികൃതരുടെ കണ്ണിൽ പൊടി ഇടുകയാണ് കരാർ കമ്പനി ചെയ്തത്.

 

 വിവരം ലഭിച്ച അടിസ്ഥാനത്തില്‍  വഗാഡിന്റെ ഹൈഡ്രോളിക് ക്രെയിൻ എത്തിച്ച് വാഹനത്തെ  കുഴിയില്‍ നിന്ന്  പുറത്തേക്ക് നീക്കി. തുടര്‍ന്ന് ഗതാഗതം പുനസ്ഥാപിക്കപ്പെട്ടു.

മഴയെ തുടര്‍ന്ന് രൂപപ്പെട്ട കുഴികളും  ദേശീയപാത നിർമാണപ്രവർത്തനങ്ങളുടെ ഇഴഞ്ഞുനീക്കവുമാണ്  അപകടത്തിന് കാരണമായതെന്ന് നാട്ടുകാര്‍  വ്യക്തമാക്കി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ദേശീയപാത വികസന പ്രവർത്തനങ്ങൾ നിശ്ചിത സമയത്ത് പൂര്‍ത്തിയാക്കണമെന്ന് നാട്ടുകാര്‍ പറഞ്ഞു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe