പുതുവത്സരാഘോഷം; ജില്ലയിൽ സുരക്ഷ ശക്തമാക്കും

news image
Dec 30, 2025, 4:20 am GMT+0000 payyolionline.in

കോഴിക്കോട്: പുതുവത്സരാഘോഷങ്ങൾ സമാധാനപരവും സുരക്ഷിതവുമായി നടത്തുന്നതിനായി ജില്ലയിൽ പൊലീസ് സുരക്ഷ ശക്തമാക്കുന്നു. ആഘോഷങ്ങളുടെ ഭാഗമായി ജനങ്ങൾ വലിയ തോതിൽ ഒത്തുകൂടുന്ന ബീച്ച്, പാർക്ക് ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കർശന പൊലീസ് ബന്തവസ്സ് ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു.

ജില്ലയില്‍ ലഹരി ഉപയോഗം നിയന്ത്രിക്കുന്നതിന് എക്സൈസ് വിവിധ കര്‍മപരിപാടികൾ തയാറാക്കി. മയക്കുമരുന്നുകളുടെ ഉപയോഗം, അനധികൃത മദ്യവില്‍പന തുടങ്ങിയവ നടക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ താലൂക്കുകള്‍ കേന്ദ്രീകരിച്ച് രഹസ്യവിവരം ശേഖരിക്കുന്നതിന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഇതര സംസ്ഥാന ബസുകള്‍, മറ്റു യാത്രാ വാഹനങ്ങള്‍ എന്നിവയില്‍ പരിശോധന നടത്തും.

മുന്‍കാല അബ്കാരി, എന്‍.ഡി.പി.എസ് പ്രതികള്‍, അവരുടെ കൂട്ടാളികള്‍ എന്നിവരുടെ നിലവിലുള്ള പ്രവര്‍ത്തനങ്ങള്‍, ടവര്‍ ലൊക്കേഷനുകള്‍ എന്നിവ നിരീക്ഷിക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്. ലഭിക്കുന്ന പരാതികളില്‍ ഉടന്‍ നടപടി സ്വീകരിക്കാന്‍ താലൂക്ക് തലത്തില്‍ സ്ട്രൈക്കിങ് ഫോഴ്‌സുകള്‍, ജില്ല തലത്തില്‍ കണ്‍ട്രോള്‍ റൂം, ഹൈവേകളിലെ വാഹന പരിശോധനക്ക് പ്രത്യേക ഹൈവേ പട്രോള്‍ ടീം എന്നിവയും പ്രവര്‍ത്തിക്കുന്നുണ്ട്. ആവശ്യമെങ്കില്‍ പൊലീസ്, ഫോറസ്റ്റ്, റവന്യൂ വകുപ്പുകളുമായി ചേര്‍ന്ന് സംയുക്ത പരിശോധന നടത്തും.

ബാര്‍ ഹോട്ടലുകള്‍, റസ്‌റ്റാറൻറുകൾ, റിസോര്‍ട്ടുകള്‍, മറ്റ് അനുബന്ധ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പുതുവത്സരാഘോഷത്തോടനുബന്ധിച്ച് ഡി.ജെ പാര്‍ട്ടികളും അനുബന്ധ ആഘോഷങ്ങളും നടത്തുമ്പോള്‍ അതില്‍ പങ്കെടുക്കുന്നവരുടെ വിലാസവും ഫോണ്‍ നമ്പറും, ഡി.ജെ പാര്‍ട്ടി സ്ഥാപനം നേരിട്ട് നടത്തുന്നതല്ലെങ്കില്‍ ആരാണ് സംഘടിപ്പിക്കുന്നതെന്ന വിവരവും എക്‌സൈസ്, പൊലീസ് എന്നിവരെ മുന്‍കൂട്ടി അറിയിക്കണം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe