കൊച്ചി: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആർഷോയുമായി ബന്ധപ്പെട്ട വാർത്ത റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരെ രജിസ്റ്റർ ചെയ്ത കേസ് പിൻവലിക്കണമെന്ന ആവശ്യം ശക്തമാകുന്നു. തൽസമയ വാർത്താ റിപ്പോർട്ടിങ്ങിന്റെ പേരിൽ റിപ്പോർട്ടറെ ഗൂഡാലോചനാക്കേസിൽ പ്രതിചേർത്തത് കേട്ടുകേൾവിയില്ലാത്തതെന്നാണ് പൊതുവിൽ ഉയരുന്ന വിമർശനം.
എന്നാൽ സർക്കാരിനേയും എസ് എഫ് ഐയേയും വിമർശിച്ചാൽ ആർക്കെതിരെയും കേസെടുക്കുമെന്ന സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പരാമർശം തിരിച്ചടിയായെന്ന വിലയിരുത്തലിലാണ് ഇടതുകേന്ദ്രങ്ങൾ. ഇതിനിടെ കേസന്വേഷിക്കുന്ന പ്രത്യേക പൊലീസ് സംഘം തെളിവെടുപ്പ് തുടരുകയാണ്. പരാതിക്കാരനായ പി എം ആർഷോയുടെ മൊഴി ഇന്നലെ രേഖപ്പെടുത്തി. മഹാരാജാസ് കോളജ് പരീക്ഷാ കൺട്രോളറുടെ മൊഴിയും എടുത്തു.