അജിത് പവാർ ഒരു മരംകൊത്തി; ആദ്യം എൻ.സി.പിയിൽ ദ്വാരമുണ്ടാക്കി, അടുത്ത ലക്ഷ്യം മുഖ്യമന്ത്രി കസേര ‘ – സഞ്ജയ് റാവത്ത്

news image
Aug 20, 2023, 10:09 am GMT+0000 payyolionline.in

മുംബൈ: പുനെയിൽ വ്യവസായിയുടെ വീട്ടിൽ വെച്ച് എൻ.സി.പി നേതാവ് ശരത് പവാറും, എൻ.സി.പിയിൽ നിന്നും ബി.ജെ.പിയിലേക്ക് പോയ അജിത് പവാറും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുള്ളതായി തോന്നുന്നില്ലെന്ന് ശിവസേന (യു.ബി.ടി) നേതാവ് സഞ്ജയ് റാവത്ത്. പല രാഷ്ട്രീയേതര സംഘടനകളിലും അജിത് പവാറും ശരത് പവാറും പ്രധാന സ്ഥാനങ്ങൾ വഹിക്കുന്നുണ്ടെന്നും അവയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട കൂടിക്കാഴ്ചയാണ് നടന്നതെന്നും റാവത്ത് പറഞ്ഞു. ശിവസേന മുഖപത്രമായ സാമ്നയിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

“പവാർമാരുടെ രാഷ്ട്രീയം മനസിലാക്കുന്നതിൽ പല വിദഗ്ധരും പരാജയപ്പെട്ടു. ഒരിക്കൽ ബാലാസാഹിബ് താക്കറെ മഹാരാഷ്ട്രയിലെ രാഷ്ട്രീയ നേതാക്കളെക്കുറിച്ച് ഒരു കാർട്ടൂൺ ഉണ്ടാക്കി. കസേരയിൽ ദ്വാരമുണ്ടാക്കാൻ ശ്രമിക്കുന്ന മരംകൊത്തിയായി ശരദ് പവാറിനെയാണ് അന്ന് അദ്ദേഹം വരച്ചത്. ഇപ്പോൾ അജിത് പവാർ ആ സ്ഥാനത്തേക്ക് ഉയർന്നുവന്നതായി തോന്നുന്നു. അദ്ദേഹം നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയിൽ ഒരു ദ്വാരമുണ്ടാക്കി. ദേവേന്ദ്ര ഫഡ്‌നാവിസ് ഈ മരംകൊത്തിയെ ഉപയോഗിച്ച് ഏകനാഥ് ഷിൻഡെയുടെ കസേരയിൽ ദ്വാരമുണ്ടാക്കും, അത് ഉറപ്പാണ്,” സഞ്ജയ് റാവത്ത് കുറിച്ചു.

ഏക്നാഥ് ഷിൻഡെയെ മുഖ്യമന്ത്രിയാക്കിയത് മഹാരാഷ്ട്രയിൽ ബി.ജെ.പിക്ക് തിരിച്ചടിയായെന്നും ഇതിനെ കുറിച്ച് പ്രതിനിധി സംഘം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും റാവത്ത് പറഞ്ഞു. എന്നാൽ 2024 കഴിഞ്ഞാലും താൻ തന്നെ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുമെന്നാണ് ഷിൻഡെയുടെ വാദം. അങ്ങനെയാണെങ്കിൽ അജിത് പവാറിനെ ഈ ചിത്രത്തിലേക്ക് കൊണ്ടുവരേണ്ടതില്ലായിരുന്നുവെന്നും റാവത്ത് കൂട്ടിച്ചേർത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe