അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞടുപ്പ്, പ്രഖ്യാപനം ഉടൻ; ബിജെപിക്കും കോണ്‍ഗ്രസിനും നിര്‍ണായകം

news image
Oct 9, 2023, 4:52 am GMT+0000 payyolionline.in

ദില്ലി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞടുപ്പിന്‍റെ തീയതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് പ്രഖ്യാപിക്കും. രാജസ്ഥാൻ , മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മിസോറം, തെലങ്കാന , സംസ്ഥാനങ്ങളിലാണ് തെര‍ഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ ഉച്ചയ്ക്ക് 12 ന്‌ വാർത്താസമ്മേളനം നടത്തും. നാമനിർദ്ദേശ പത്രിക സമർപ്പിക്കൽ, പോളിംഗ് ദിവസങ്ങൾ, ഫലപ്രഖ്യാപനം തുടങ്ങി തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിവിധ ഘട്ടങ്ങളിലേക്കുള്ള തീയതികൾ പ്രഖ്യാപനത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദമാക്കും.

ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന തെരഞ്ഞെടുപ്പ് ബിജെപിക്കും കോണ്‍ഗ്രസിനും നിര്‍ണായകമാണ്. ഗൗരവത്തോടെയാണ് ബിജെപിയും കോൺഗ്രസും അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ  നിയസഭാ തെരഞ്ഞെടുപ്പിനെ കാണുന്നത്.തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ സന്ദ‌ർശനം നടത്തിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കങ്ങളും സുരക്ഷയും വിലയിരുത്തിയിരുന്നു. ഛത്തീസ്ഗഡില്‍ രണ്ട് ഘട്ടമായും ബാക്കി സംസ്ഥാനങ്ങളില്‍ ഒറ്റഘട്ടമായും തെര‍ഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത. ഡിസംബ‍ർ പകുതിയോടെ മുഴുവൻ സംസ്ഥാനങ്ങളിലും തെര‍ഞ്ഞെടുപ്പ് പൂര്‍ത്തിയാകും.

അതിനിടെ നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താനും, ജാതി സെൻസസിൽ തുടർ നിലപാട് ചർച്ച ചെയ്യാനും കോൺഗ്രസ് പ്രവർത്തക സമിതി യോഗം ഇന്ന് ചേരുകയാണ്. പത്തരക്ക് എഐസിസി ആസ്ഥാനത്താണ് യോഗം. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ സംസ്ഥാനങ്ങളിലെ സ്ഥാനാർത്ഥി പട്ടിക പുറത്ത് വിടാനാണ് നീക്കം. മധ്യപ്രദേശ്‌ തെരഞ്ഞെടുപ്പ് സമിതി കഴിഞ്ഞ ദിവസം യോഗം ചേർന്നിരുന്നു. ബിഹാറിലെ ജാതി സെൻസസ് നടപടികൾക്ക് പിന്നാലെ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ജാതി സെൻസസ് നടപ്പാക്കുമെന്ന് നേതൃത്വം പ്രഖ്യാപിച്ചിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe