അതിഗുരുതരമായ പ്രശ്നം; ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ നിർണായക ഇടപെടലുമായി സുപ്രീം കോടതി, സ്വമേധയാ കേസെടുത്തു, കേന്ദ്രത്തിനും സിബിഐക്കും നോട്ടീസ്

news image
Oct 17, 2025, 8:05 am GMT+0000 payyolionline.in

ദില്ലി: രാജ്യത്ത് നടക്കുന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ ഇടപെടലുമായി സുപ്രീം കോടതി. അതീവഗുരുതരമായ പ്രശ്നമാണ് ഡിജിറ്റൽ അറസ്റ്റെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി സ്വമേധയാ കേസെടുത്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും സിബിഐക്കും നോട്ടീസ് അയച്ചു. ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഹരിയാനയിൽ നിന്നുള്ള മുതിർന്ന പൗരന്‍റെ പരാതിയിാണ് സുപ്രീംകോടതി സ്വമേധയാ കേസെടുത്തത്.ഇക്കാര്യത്തിൽ കോടതിയെ സഹായിക്കാൻ എജിയോട് ആവശ്യപ്പെട്ടു. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയിമല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് കേന്ദ്രത്തിനും സിബിഐക്കും നോട്ടീസ് അയച്ചത്.

സെപ്റ്റംബറിലാണ് പഞ്ചാബിലെ അംബാല സ്വദേശികളായ വയോധിക ദമ്പതികളുടെ ഒരു കോടിയിലധികം രൂപ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിലൂടെ തട്ടിയെടുത്തത്. സിബിഐ, ഇഡി, ആദായ നികുതി ഉദ്യോഗസ്ഥരാണെന്ന വ്യാജേനയാണ് തട്ടിപ്പ് നടത്തിയതെന്നാണ് ദമ്പതികളുടെ പരാതി. സുപ്രീം കോടതിയുടെ ചിത്രങ്ങളടക്കം ഉപയോഗിച്ചും കോടതിയിലെ ഉദ്യോഗസ്ഥരാണെന്ന വ്യാജനേയും തട്ടിപ്പ് നടത്തിയെന്നും പരാതിയുണ്ട്. സ്വത്ത് കണ്ടുകെട്ടുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് പലതവണകളായിട്ടാണ് ദമ്പതികള്‍ പണം കൈമാറിയത്. സംഭവത്തിൽ അംബാല സൈബര്‍ പൊലീസ് രണ്ട് എഫ്ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. തട്ടിപ്പിനായി സുപ്രീം കോടതിയുടെ പേരടക്കം ഉപയോഗിച്ചതിൽ സുപ്രീം കോടതി ബെഞ്ച് ആശങ്ക രേഖപ്പെടുത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe