അതിതീവ്ര മഴയെത്തുന്നു; വീണ്ടും റെഡ് അലേർട്ട് പ്രഖ്യാപിച്ചു, ഇന്ന് നാലിടത്ത് ഓറഞ്ച് അലേർട്ട്

news image
Jun 13, 2025, 2:30 am GMT+0000 payyolionline.in

തിരുവനന്തപുരം: കാലവർഷം ശക്തമാകുന്നതിനിടെ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ വീണ്ടും റെഡ് അലേർട്ട് പ്രഖ്യാപിച്ചു. വടക്കൻ ആന്ധ്രാ പ്രദേശ് തീരത്തോടും അതിനോട് ചേർന്നുള്ള തീരദേശ ഒഡിഷക്കും മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുകയാണ്. കേരളത്തിന് മുകളിൽ പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുകയാണെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

 

കേരളത്തിൽ അടുത്ത ഒരാഴ്ച വ്യാപകമായ മഴയ്ക്ക് സാധ്യതയെന്നാണ് അറിയിപ്പ്. ജൂൺ 14 – 16 തീയതികളിൽ ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്കും ജൂൺ 13 മുതൽ 16 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കുമാണ് സാധ്യത. ജൂൺ 14 മുതൽ 16 വരെ കേരളത്തിന് മുകളിൽ മണിക്കൂറിൽ പരമാവധി 50 – 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് ശക്തമാകാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

വെള്ളിയാഴ്ച രാവിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനുമാണ് സാധ്യത. മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

 

റെഡ് അലേർട്ട്

  • 14/06/2025: കണ്ണൂർ, കാസർകോട്
  • 15/06/2025: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
  • 16/06/2025: മലപ്പുറം, കോഴിക്കോട്, വയനാട്

ഓറഞ്ച് അലേർട്ട്

  • 13/06/2025: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
  • 14/06/2025: ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം കോഴിക്കോട്, വയനാട്
  • 15/05/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്
  • 16/05/2025: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർകോട്

യെല്ലോ അലേർട്ട്

  • 13/05/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം
  • 14/06/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം
  • 16/06/2025: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മുതൽ തിങ്കളാഴ്ച ( 16/06/2025)വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 – 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe