അതിദരിദ്രർക്കുള്ള ഭക്ഷ്യക്കിറ്റില്‍ എലി കയറി, വിതരണം ചെയ്യാതെ തടഞ്ഞുവെച്ചെന്ന് ആക്ഷേപം; പ്രതിഷേധിച്ച് ഡിവൈഎഫ്ഐ

news image
Oct 18, 2023, 8:35 am GMT+0000 payyolionline.in

കൊച്ചി: അതിദരിദ്രരുടെ പട്ടികയിലുള്ളവർക്കുള്ള ഭക്ഷ്യക്കിറ്റ് പൂഴ്ത്തിയതിൽ തൃക്കാക്കര മുൻസിപ്പാലിറ്റിയിലേക്ക് ഡിവൈഎഫ്ഐ പ്രതിഷേധ പ്രകടനം നടത്തി. 41പേർക്കുള്ള കിറ്റാണ് വിതരണം ചെയ്യാതെ മാറ്റിവച്ചത്. എലി കയറി ഭക്ഷ്യക്കിറ്റ് നശിച്ചതോടെയാണ് എൽഡിഎഫ് അംഗങ്ങൾ വിഷയം പുറത്തുകൊണ്ടുവന്നത്.

സമൂഹത്തിൽ സാമ്പത്തികമായി ഏറ്റവും കഷ്ടത അനുഭവിക്കുന്നവരെയാണ് തദ്ദേശ സ്ഥാപനങ്ങൾ തിരിച്ച് അതിദരിദ്രരുടെ പട്ടികയിൽ സർക്കാർ ഉൾപ്പെടുത്തിയത്. തൃക്കാക്കര മുൻസിപ്പാലിറ്റിയിലെ പട്ടികയിലുള്ളവർക്ക് സപ്ലൈക്കോ അനുവദിച്ച കിറ്റ് വിതരണം ചെയ്യാത്തതിൽ പ്രതിഷേധിച്ചായിരുന്നു ഡിവൈഎഫ്ഐ സമരം. ഗേറ്റ് കടന്ന് അകത്ത് കയറിയ പ്രവർത്തകർ ചെയർപേഴ്സന്‍റെ മുറിക്ക് മുന്നിലും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സന്‍റെ മുറിക്ക് മുന്നിലും പ്രതിഷേധിച്ചു. പതിനഞ്ച് ദിവസം മുമ്പ് ഭക്ഷ്യക്കിറ്റ് എത്തിയെന്നാണ് എൽഡിഎഫ് അംഗങ്ങൾ പറയുന്നത്. അതിദരിദ്രർക്ക് ആദ്യമായി അനുവദിച്ച ഭക്ഷ്യക്കിറ്റാണ് നശിച്ച് പോയത്.
എങ്ങനെ വിതരണം ചെയ്യും എന്നതിലെ ആശയക്കുഴപ്പമാണ് കിറ്റ് വിതരണം വൈകാൻ കാരണമെന്നാണ് നഗരസഭ ചെയർപേഴ്സണ്‍ രാധാമണിപിള്ളയുടെ വിചിത്രമായ വിശദീകരണം. വീടുകളിലേക്ക് ഭക്ഷ്യക്കിറ്റ് എത്തിക്കാനുള്ള നടപടികൾ തുടങ്ങിയപ്പോഴാണ് കിറ്റ് നശിച്ചതായി ശ്രദ്ധയിൽ പെട്ടതെന്നും ചെയർപേഴ്സണ്‍ വിശദീകരിച്ചു. കിറ്റുകളിൽ എലി കയറാതിരിക്കാൻ ഇപ്പോൾ വാഹനത്തിനുള്ളിൽ കിറ്റുകൾ ഇപ്പോഴും കൂട്ടിയിട്ടിരിക്കുകയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe