അത്തോളി ഗ്രാമപഞ്ചായത്തിൽ ഉജ്വല വിജയം നേടി എൽഡിഎഫ്. യുഡിഎഫിൽ നിന്ന് ഭരണം തിരിച്ചുപിടിക്കാൻ എൽഡിഎഫിനായി. 19 വാർഡുകളിൽ 12ലും എൽഡിഎഫ് തേരോട്ടമാണുണ്ടായത്.
കഴിഞ്ഞ തവണ എൽഡിഎഫിന് അത്തോളിയിൽ നേടാനായത് 4 സീറ്റുകളാണ്. യുഡിഎഫ് 12 സീറ്റുകളിലും ബിജെപി ഒരു സീറ്റിലും വിജയിച്ചു. എന്നാൽ യുഡിഎഫിൽ നിന്നും ബിജെപിയിൽ നിന്നും സീറ്റുകൾ തിരിച്ചുപിടിച്ചാണ് ഇത്തവണ എൽഡിഎഫ് തദ്ദേശതെരഞ്ഞെടുപ്പിൽ തിളങ്ങിയത്. കഴിഞ്ഞ തവണ ബിജെപി ജയിച്ച ഏക വാർഡായ മൊടക്കല്ലൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥി വിജയിച്ചു. ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ സ്വന്തം വാർഡ് കൂടിയാണിത്.
ഇത്തവണയും ഭരണം ബിജെപി നേടുമെന്നായിരുന്നു വാർഡിലെ മൊടക്കല്ലൂർ എൽ പി സ്കൂളിൽ വോട്ട് ചെയ്ത ശേഷം കെ സുരേന്ദ്രൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. എന്നാൽ കഴിഞ്ഞ വർഷം ബിജെപി ജയിച്ച മണ്ഡലത്തിൽ ഇത്തവണ പരാജയം ഏറ്റുവാങ്ങാനായിരുന്നു വിധി. ഗീത മപ്പുറത്തായിരുന്നു ഇവിടുത്തെ എൽഡിഎഫ് സ്ഥാനാർത്ഥി. 626 വോട്ടുകൾ നേടിയാണ് ബിജെപിയുടെ എരഞ്ഞോളി ശ്യാമളയെ ഗീത മപ്പുറത്ത് തോൽപ്പിച്ചത്.
