ബംഗളൂരു: അബ്ദുൾ നാസർ മദനി നാളെ നാട്ടിലേക്ക് പുറപ്പെടും.സുപ്രീംകോടതി ഉത്തരവിന്‍റെ പകർപ്പ് വിചാരണക്കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.ഇതനുസരിച്ച് നാട്ടിലേക്ക് പോകാൻ അനുമതി ലഭിച്ചു.നാളെ രാവിലെ 9 മണിക്കാണ് ബെംഗളുരുവിൽ നിന്ന് വിമാനം പുറപ്പെടുക.തിരുവനന്തപുരത്തേക്കാണ് നാളെ രാവിലെ മദനി എത്തുന്നത്.അവിടെ നിന്ന് കാർ മാർഗം അൻവാർശ്ശേരിക്ക് പോകും.മദനിക്കൊപ്പം കുടുംബവും പിഡിപി പ്രവർത്തകരുമുണ്ടാകും.ചികിത്സയുടെ കാര്യം ഇത് വരെ തീരുമാനിച്ചിട്ടില്ലെന്നും, അച്ഛനെ കാണുകയും കൂടെ സമയം ചിലവഴിക്കുകയും ചെയ്യുക എന്നതിനാണ് പ്രാധാന്യമെന്നും കുടുംബം വ്യക്തമാക്കി.
2014 ൽ നൽകിയ ജാമ്യത്തിലെ വ്യവസ്ഥയ്ക്കാണ് സുപ്രീം കോടതി ഇളവ് നല്‍കിയത്.ബെംഗളൂരു വിട്ട് പോകരുതെന്ന വ്യവസ്ഥ മാറ്റിയ ജസ്റ്റിസ് എ എസ് ബൊപ്പണ്ണാ, ജസ്റ്റി്സ് എം എം സുന്ദരേശ് എന്നിവരടങ്ങിയ ബെഞ്ച്ജന്മനാടായ കൊല്ലത്തെ കരുനാഗപ്പള്ളിയിലേക്ക് പോകാൻ അനുവാദം നൽകി. 15 ദിവസത്തിലൊരിക്കൽ വീടിനടുത്തുള്ള പൊലീസ് സ്റ്റേഷനിൽ ഹാജരാകണം ഇത് സംബന്ധിച്ച റിപ്പോർട്ട് കർണാടക പൊലീസിന് കൈമാറണം.ചികിത്സ ആവശ്യത്തിന് കൊല്ലം ജില്ല വിടാനും അനുവാദമുണ്ട്. എറണാകുളത്തെ ചികിത്സ കണക്കിലെടുത്താണ് കോടതിയുടെ ഈ തീരുമാനം.
മഅദനിയുടെ വിസ്താരം പൂർത്തിയായ സാഹചര്യമാണെന്ന് സുപ്രീം കോടതി വിലയിരുത്തി. സാക്ഷി വിസ്താരമടക്കം പൂർത്തിയായതിനാൽ ഇനി മഅദനിയുടെ സാന്നിധ്യം കോടതിയിൽ ആവശ്യമില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ വിചാരണക്കോടതി ആവശ്യപ്പെട്ടാൽ തിരികെ എത്തണം. കേരളത്തിലേക്ക് മഅദനിക്ക് കർണാടക പൊലീസ് അകമ്പടി പോകേണ്ടതില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ചികിത്സയ്ക്ക് ബെംഗൂളുരുവിലാണ് സൌകര്യമുള്ളതെന്ന കർണാടക സർക്കാർ വാദം സുപ്രീം കോടതി കണക്കിലെടുത്തില്ല.