കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യു കൊല്ലപ്പെട്ട കേസിൽ നാല് മാസത്തിനകം വിചാരണ പൂർത്തിയാക്കി വിധി പറയണം എന്ന നിർദേശവുമായി ഹൈക്കോടതി. വിചാരണക്കോടതിക്കാണ് ഹൈക്കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിക്കാണ് ഹൈക്കോടതിയുടെ നിർദ്ദേശം. അഭിമന്യുവിന്റെ അമ്മ ഭൂപതിയുടെ ഹർജിയിലാണ് നിർദ്ദേശം. ഇനി സമയപരിധി നീട്ടി നൽകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
കേസിന്റെ വിചാരണ തുടങ്ങാനിരിക്കെ പ്രതികൾക്കെതിരെ ഐപിസി 323 ചുമത്തണമെന്നാവശ്യപ്പെട്ട് നേരത്തെ പ്രോസിക്യൂഷൻ അപേക്ഷ നൽകിയിരുന്നു. ബോധപൂർവം പരിക്കേൽപ്പിക്കുക എന്ന കുറ്റകൃത്യമാണ് ഐപിസി 323ന് കീഴിൽ വരുന്നത്. അഭിമന്യുവിനെ മർദിച്ച പ്രതികൾക്ക് രക്ഷപ്പെടാനുള്ള പഴുതടയ്ക്കാനായിരുന്നു പ്രോസിക്യൂഷന്റെ അസാധാരണ നീക്കം. പ്രതിഭാഗത്തോട് ഇത് സംബന്ധിച്ച മറുപടി കോടതി തേടും എന്നാണ് അറിയിച്ചിരുന്നത്.
കൊലപാതകം, കൊലപാതക ശ്രമം, അന്യായമായി സംഘം ചേരൽ തുടങ്ങിയ എട്ട് വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. നേരത്തെ തന്നെ കുറ്റപത്രം പ്രതികളെ വായിച്ച് കേൾപ്പിക്കുകയും പ്രതികൾ ഇത് നിഷേധിക്കുകയും ചെയ്തിരുന്നു. എന്നാൽ എട്ട് വർഷത്തിന് ശേഷം മാത്രം വാദം തുടങ്ങുന്ന കേസിൽ പുതിയ വകുപ്പ് കൂടി ചേർക്കുമ്പോൾ തുടർനടപടികളിൽ കാലതാമസം വന്നേക്കുമെന്ന വിലയിരുത്തലുമുണ്ടായിരുന്നു. പുതിയ വകുപ്പ് ചേർക്കുന്നതിൽ പ്രതിഭാഗം എതിർപ്പ് അറിയിച്ചാൽ പിന്നീട് അതിൽ അടക്കം വാദം കേട്ടതതിന് ശേഷം മാത്രമേ കേസിലേക്ക് കടക്കാനാകൂ എന്നത് പ്രതിസന്ധി ആകുമോ എന്നതിലും ആശങ്ക ഉയർന്നിരുന്നു.
2018 ജൂലൈ രണ്ടിനായിരുന്നു മഹാരാജാസ് കോളേജിൽ വെച്ച് അഭിമന്യു കൊലചെയ്യപ്പെടുന്നത്. ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് എസ്എഫ്ഐ ആരോപിക്കുന്നത്. പിന്നാലെ പല തവണ കേസ് വിവാദത്തിലായിരുന്നു. ഇതിലെ മുഖ്യ പ്രതിയായ സഹലിനെ പിടികൂടാത്തതിൽ ആദ്യം വലിയ വിവാദമുയർന്നിരുന്നു. കോടതിയുടെ കസ്റ്റഡിയിലിരിക്കെ സുപ്രധാനമായ 11 രേഖകൾ കാണാതായെന്നും വിവരം പുറത്തു വന്നിരുന്നു. എട്ട് വർഷം കേസിന്റെ വിചാരണ നീണ്ടു പോയതിലടക്കം വലിയ വിമർശനങ്ങളും ഉയർന്നിരുന്നു.
