തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരം ബാധിക്കുന്നവരുടെ ജീവൻ രക്ഷിക്കാനായുള്ള കേരള സർക്കാർ ദൗത്യത്തിന് കരുത്തുപകർന്ന് ചികിത്സയ്ക്ക് ആവശ്യമായ നിർണായക മരുന്ന് ജർമ്മനിയിൽ നിന്ന് സംസ്ഥാനത്തെത്തിച്ചു. യുഎഇ ആസ്ഥാനമായ വിപിഎസ് ഹെൽത്ത്കെയറിന്റെ സ്ഥാപകനും ആരോഗ്യ സംരംഭകനുമായ ഡോ. ഷംഷീർ വയലിലാണ് അടിയന്തര പ്രാധാന്യത്തോടെ മിൽറ്റിഫോസിൻ മരുന്ന് സൗജന്യമായി ലഭ്യമാക്കിയത്. 3.19 ലക്ഷം രൂപ വിലമതിക്കുന്ന 56 ക്യാപ്സൂളുകൾ അടങ്ങുന്ന ആദ്യ ബാച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്ജ് തിരുവനന്തപുരത്ത് ഏറ്റുവാങ്ങി. നിലവിലെ സാഹചര്യം നേരിടുന്നതിനുള്ള കൂടുതൽ മരുന്നുകൾ വരും ദിവസങ്ങളിൽ സംസ്ഥാനത്തെത്തിക്കും.
കേരളത്തിൽ ആറാമത്തെ അമീബിക് മസ്തിഷ്കജ്വര കേസ് സ്ഥിരീകരിച്ചതിനെ തുടർന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് മരുന്ന് ലഭ്യമാക്കാൻ ഡോ. ഷംഷീറിന്റെ സഹായം തേടുകയായിരുന്നു. മിഡിൽ ഈസ്റ്റിലെ വിപുലമായ ആരോഗ്യ സംരക്ഷണ ശൃംഖല ഉപയോഗിച്ച് ഏതാനും ദിവസങ്ങൾക്കകം മരുന്ന് ലഭ്യമാക്കാൻ ഡോ. ഷംഷീറിനായി. കഴിഞ്ഞ രണ്ട് മാസത്തിനിടെ മൂന്ന് കുട്ടികളാണ് അപൂർവ രോഗം കാരണം കേരളത്തിൽ മരണമടഞ്ഞത്. എന്നാൽ 14 വയസ്സുള്ള അഫ്‌നാൻ മരുന്നിന്റെ സഹായത്തോടെ 97% മരണനിരക്കുള്ള രോഗത്തെ അതിജീവിച്ചു.
മരുന്നെത്തിച്ച ഡോ. ഷംഷീര്‍ വയലിലിന് മന്ത്രി നന്ദിയറിയിച്ചു. വളരെ അപൂര്‍വമായി ബാധിക്കുന്ന രോഗമാണ് അമീബിക് മസ്തിഷ്ക ജ്വരം. കേരളത്തിന്റെ സമീപ ആരോഗ്യ ചരിത്രത്തില്‍ എല്ലാ എന്‍സെഫലൈറ്റിസുകളും പരിശോധിച്ച് കണ്ടുപിടിക്കുന്ന രീതിയാണ് കേരളത്തിനുള്ളത്. സമീപകാലത്ത് അമീബിക് മസ്തിഷ്ക ജ്വരം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഈ രോഗത്തിന് ഫലപ്രദമെന്ന് കരുതുന്ന മരുന്നുകളുടെ സംയുക്തം ഉപയോഗിച്ചാണ് ചികിത്സിക്കുന്നത്. ഇത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരുമായി ആശയവിനിമയം നടത്തി. കേന്ദ്രത്തിന്റെ സപ്ലൈയിലുള്ള മരുന്നാണിത്. പക്ഷെ നമുക്കതിന്റെ വിതരണമില്ല. വളരെ അപൂര്‍വമായിട്ടുള്ള മരുന്നാണിത്. ഇവിടെ കേസ് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ കൂടിയാണ് വിപിഎസ് മരുന്ന് നല്‍കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.