തിരുവനന്തപുരം: അങ്കണവാടികൾ വഴി കുട്ടികൾക്ക് വിതരണം ചെയ്യുന്ന അമൃതം പൊടിയിൽ (അമൃതം ന്യൂട്രി മിക്സ്) പഞ്ചസാര ചേർക്കുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുവെന്ന് ബാലാവകാശ കമ്മീഷൻ. നിർമാണത്തിൽ പഞ്ചസാര പൂർണമായും ഒഴിവാക്കി പകരം കുറഞ്ഞ അളവിൽ ശർക്കര ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കണമെന്ന് കമ്മീഷൻ നിർദേശിച്ചു. ശാസ്ത്രീയ അടിസ്ഥാനത്തിൽ അമൃതം പൊടിയുടെ പോഷക ഘടന നിശ്ചയിക്കുന്നതിനായി ഉന്നതതല കമ്മിറ്റ രൂപീകരിക്കാൻ വനിതാ ശിശു വികസന വകുപ്പ് ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ടേക്ക് ഹോം റേഷൻ (THR) പദ്ധതി പ്രകാരം ഓരോ പ്രായത്തിലുള്ള കുട്ടികൾക്കും നൽകേണ്ട ന്യൂട്രിമിക്സിന്റെ അളവ് സംബന്ധിച്ച് വ്യക്തമായ മാർഗ്ഗരേഖ തയ്യാറാക്കണമെന്നും നിർദേശമുണ്ട്. കേന്ദ്രസർക്കാരിന്റെ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് കൃത്യമായ വിവരങ്ങൾ കീഴുദ്യോഗസ്ഥർക്ക് കൈമാറണം. കൂടാതെ, കുട്ടികൾക്ക് നൽകേണ്ട അളവും അടങ്ങിയിരിക്കുന്ന പോഷക വിവരങ്ങളും അമൃതം പൊടിയുടെ പാക്കറ്റുകളിൽ വ്യക്തമായി അച്ചടിച്ച് രേഖപ്പെടുത്തണമെന്നും കമ്മീഷൻ ഉത്തരവിൽ വ്യക്തമാക്കി.
