മുംബൈ ∙ അമ്മയ്ക്കു അപരിചിതനുമായി ബന്ധമുണ്ടെന്ന സംശയത്തിൽ വെട്ടിക്കൊന്ന് പതിനേഴുകാരൻ. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ പരോൾ പ്രദേശത്തെ വസായ് ടൗൺഷിപ്പിലാണു ക്രൂരമായ സംഭവം.
സൊനാലി ഗോർഗ (35) എന്ന യുവതിയാണു കൊല്ലപ്പെട്ടത്. പ്രതിയായ മകൻ ഒളിവിലാണ്. സൊനാലി ഫോണിൽനിന്ന് അപരിചിതനായ ഒരാൾക്കു മെസേജ് അയയ്ക്കുന്നതു മകന് ഇഷ്ടമായിരുന്നില്ല. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടാകാറുണ്ടെന്നു പൊലീസ് പറഞ്ഞു. ഞായറാഴ്ച അത്താഴം കഴിക്കുന്നതിനിടെ അമ്മ ഫോണിൽ മെസേജ് അയയ്ക്കുന്നതു കണ്ടതോടെ മകൻ അസ്വസ്ഥനായി.
രോഷാകുലനായ മകൻ അമ്മയെ കോടാലിയെടുത്തു തുരുതുരെ വെട്ടുകയായിരുന്നു. സംഭവസമയത്തു വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. ഗുരുതരമായി പരുക്കേറ്റ സൊനാലിയെ പിന്നീട് ഭിവണ്ടിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നതായി ഡോക്ടർമാർ അറിയിച്ചു. മൃതദേഹം പോസ്റ്റ്‍മോർട്ടത്തിന് അയച്ചു.