‘അമ്മയ്ക്ക് നേരെ ആസിഡ് ഒഴിക്കാൻ മകനെ പ്രേരിപ്പിച്ചു ; താൻ തന്നെ ആദ്യമായി പരീക്ഷിച്ചു’ ; പേരാമ്പ്രയിലെ ആസിഡ് ആക്രമണം നടത്തിയ പ്രതിയുടെ മൊഴി പുറത്ത്

news image
Mar 27, 2025, 5:40 am GMT+0000 payyolionline.in

പേരാമ്പ്ര: ചെറുവണ്ണൂരിൽ മുൻ ഭാര്യയുടെ മുഖത്ത് ആസിഡൊഴിച്ച പ്രതി പ്രശാന്തിന്റെ മൊഴി പുറത്ത്. പ്രവിഷയുടെ മുഖം ആസിഡൊഴിച്ച് വിരൂപമാക്കാനാണ് ശ്രമിച്ചതെന്നാണ് പ്രശാന്ത് പറഞ്ഞത്. ഒപ്പം താമസിപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് ആസിഡ് ഒഴിക്കാൻ തീരുമാനിച്ചത്. ആക്രമണത്തിന് മുന്നോടിയായി പരീക്ഷണം നടത്തിയെന്നും പ്രതി പറഞ്ഞു.

 

ആദ്യം സ്വന്തം കയ്യിൽ ഒഴിച്ചാണ് തൊലി കരിയുമോ എന്ന് നോക്കിയത്. ഗുരുതര പൊള്ളലേൽക്കുമെന്ന് മനസിലായതോടെയാണ് കൃത്യം ചെയ്യാൻ തീരുമാനിച്ചത്. ആദ്യം മൂത്തമകനെക്കൊണ്ട് കൃത്യം ചെയ്യിപ്പിക്കാനാണ് തീരുമാനിച്ചത്. എന്നാൽ, കുട്ടി ഇതിന് തയ്യാറായില്ല. തുടർന്നാണ് ആസിഡ് കുപ്പിയുമായി പ്രവിഷ ചികിത്സയിൽ കഴിയുന്ന ആശുപത്രിയിൽ എത്തിയത്. ഒപ്പം വരാൻ പറ്റുമോ എന്ന് അവിടെവച്ചും ഇയാൾ പ്രവിഷയോട് ചോദിച്ചു. എന്നാൽ, അവർ വിസമ്മതിച്ചു. ഇതോടെയാണ് വണ്ടിയിൽ സൂക്ഷിച്ചിരുന്ന ആസിഡ് പുറത്തെടുത്ത് പ്രവിഷയുടെ ശരീരത്തിലൊഴിച്ചത്. മേപ്പയ്യൂരിലെ കടയിൽ നിന്നാണ് ആസിഡ് വാങ്ങിയതെന്നും പ്രതി പറഞ്ഞു.

ഞായറാഴ്‌ച രാവിലെ 9.30ഓടെയാണ് ചെറുവണ്ണൂർ സർക്കാർ ആയുർവേദ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതിക്ക് നേരെ ആസിഡ് ആക്രമണം ഉണ്ടായത്. കൂട്ടാലിട പൂനത്ത് കാരടിപറമ്പില്‍ പ്രവിഷയുടെ (29) മുഖത്തും നെഞ്ചിനും പുറത്തുമാണ് പൊള്ളലേറ്റത്. യുവതി ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പ്രതി പ്രശാന്ത് ലഹരിക്കടിമയെന്നാണ് പ്രവിഷയുടെ കുടുംബം പറയുന്നത്.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe