തൃശൂര്‍: വ്യാജ ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ് വഴി പണ തട്ടിപ്പ് നടത്തിയ സംഘത്തിൽ ഒരാൾ അറസ്റ്റില്‍. തമിഴ്നാട് കാഞ്ചീപുരം ഷോലിംഗ നെല്ലൂര്‍ നവീൻ കുമാറിനെയാണ് തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ തൃശൂര്‍ റൂറല്‍ സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കടുപ്പശ്ശേരി പേങ്ങിപറമ്പില്‍ വീട്ടില്‍ അലക്സ് പി.കെയിൽ നിന്ന് ഷെയര്‍ ട്രേഡിഗ് നടത്തുന്നതിനായി 49,64,430 രൂപ പ്രതികളുടെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് അയച്ച് വാങ്ങി തട്ടിപ്പ് നടത്തിയ സംഭവത്തിലാണ് നവീന്‍ കുമാറിനെ അറസ്റ്റുചെയ്തത്. നവീന്‍ കുമാറിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് തട്ടിപ്പ് നടത്തിയ പണത്തില്‍ ഉള്‍പ്പെട്ട എട്ട് ലക്ഷം രൂപ ക്രെഡിറ്റ് ആയതായും കണ്ടെത്തി. തുടര്‍ന്നാണ് നവീന്‍ കുമാറിനെ അറസ്റ്റ് ചെയ്തത്.
നവീന്‍ കുമാറിനെതിരെ ഇയാളുടെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയതിന് മലപ്പുറം അരീക്കോട്, മലപ്പുറം താനൂര്‍, ആലപ്പുഴ, കോഴിക്കോട് റൂറല്‍, കോയമ്പത്തൂര്‍ കിണ്ണത്ത് കടവ്, നാമക്കല്‍ എന്നീ പോലീസ് സ്റ്റേഷനുകളിലായി ആറ് പരാതികളുണ്ട്. തൃശൂര്‍ റൂറല്‍ സൈബര്‍ പോലീസ് സ്റ്റേഷന് എസ്.എച്ച്.ഒ സുജിത്ത് പി.എസ്, ജി.എസ്. ഐ മാരായ അശോകന് ടി.എന്‍, ഗ്ലാഡിന് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
