അരവിന്ദ് കെജ്രിവാളിന് അതി നിർണായക ദിനം; ഇഡി അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹർജി, വിധി പറയാൻ ഹൈക്കോടതി

news image
Apr 9, 2024, 4:10 am GMT+0000 payyolionline.in

ദില്ലി: മദ്യനയക്കേസിലെ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന്‍റെ അറസ്റ്റ് ചോദ്യം ചെയ്തുള്ള ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധിപറയും. ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് ഹൈക്കോടതി കെജ്രിവാളിന്‍റെ ഹർജിയിൽ വിധി പറയുക. ജയിൽവാസം തുടരുമോ ജയിൽ മോചനം ലഭിക്കുമോയെന്നത് കെജ്രിവാളിനെ സംബന്ധിച്ചടുത്തോളം അതി നിർണായകമാണ്. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയിൽ ജാമ്യം ലഭിച്ചാൽ അത് കെജ്രിവാളിനും പ്രതിപക്ഷത്തിനും വലിയ ഊർജ്ജമാകും സമ്മാനിക്കുക.

ഏപ്രിൽ മൂന്നാം തിയതിയാണ് കെജ്രിവാളിന്‍റെ ഹർജി വാദം പൂർത്തിയായി വിധി പറയാൻ മാറ്റിയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് തന്നെ മാറ്റി നിറുത്താനും അപമാനിക്കാനുമാണ് ഇ ഡി അറസ്റ്റ് നടത്തിയതെന്ന വാദമാണ് കെജ്രിവാൾ പ്രധാനമായും ഉന്നയിച്ചത്. അന്വേഷണമില്ലാതെയാണ് അറസ്റ്റ് ചെയ്തതെന്നും ഭാവിയിൽ കുറ്റം കണ്ടെത്താമെന്ന വാദമാണ് റിമാൻഡ് റിപ്പോർട്ടിലുള്ളതെന്നും ദില്ലി മുഖ്യമന്ത്രി ചൂണ്ടികാട്ടിയിരുന്നു.

 

അതിനിടെ കെജ്രിവാളിന്‍റെ അറസ്റ്റിനെതിരെ ജയിലിന് മറുപടി വോട്ടിലൂടെ എന്ന പുതിയ പ്രചാരണത്തിന് ആം ആദ്മി പാര്‍ട്ടി തുടക്കമിട്ടു. പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ നേതൃത്വം നൽകും. മോദി നേരിട്ട് നടത്തിയ അഴിമതിയാണ് ഇലക്ട്രൽ ബോണ്ടെന്ന ആരോപണം പ്രചാരണത്തില്‍ ശക്തമാക്കാനാണ് എ എ പി തീരുമാനം. കെജ്രിവാളിന്‍റെ അറസ്റ്റിനെതിരെ രാംലീലാ മൈതാനത്തെ റാലിക്കും ഉപവാസ സമരത്തിനും പിന്നാലെയാണ് ജയിൽ കാ ജബാബ് വോട്ട് സെ എന്ന് പ്രചാരണത്തിലൂടെ തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ആംആദ്മി പാര്‍ട്ടി ഇറങ്ങുന്നത്. വോട്ടിലൂടെ ബി ജെ പിക്ക് മറുപടി നല്‍കണമെന്ന ആഹ്വാനം പരമാവധി ജനങ്ങളിലേക്ക് എത്തിക്കാനാണ് നീക്കം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe