ന്യൂഡൽഹി∙ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനു പുതിയ ഔദ്യോഗിക വസതി നിർമിച്ചതുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങളിൽ സിബിഐ പ്രാഥമിക അന്വേഷണം തുടങ്ങി. ആരോപണങ്ങളിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടോയെന്നു പരിശോധിക്കാനാണ് ഈ അന്വേഷണം. ഇതിന്റെ അടിസ്ഥാനത്തിലാവും എഫ്ഐആർ റജിസ്റ്റർ ചെയ്യുന്നതു സംബന്ധിച്ച് തീരുമാനമെടുക്കുക. കെട്ടിട നിർമാണരേഖകൾ ഹാജരാക്കണമെന്നു പൊതുമരാമത്തുവകുപ്പിനു സിബിഐ നിർദേശം നൽകി.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി നിർമിക്കുന്നതിന് അനുവദിച്ച തുകയെക്കാൾ കൂടുതൽ ചെലവഴിച്ചെന്നാണ് ആരോപണം. അനുവദിച്ചത് 43.70 കോടി രൂപ. എന്നാൽ 44.78 കോടി രൂപ ചെലവഴിച്ചെന്നാണു ബിജെപിയും കോൺഗ്രസും ആരോപിക്കുന്നത്. നിർമാണം സംബന്ധിച്ച് പ്രത്യേക ഓഡിറ്റ് നടത്തണമെന്നു കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിനു കഴിഞ്ഞ ജൂണിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശം നൽകിയിരുന്നു.