കൊച്ചി: അരിക്കൊമ്പന്റെ വലതുകണ്ണിന് കാഴ്ചക്കുറവെന്ന് റിപ്പോർട്ട്. വനം വകുപ്പ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ആണ് ഇക്കാര്യം ഉള്ളത്. മയക്കുവെടി വച്ച് പരിശോധിച്ചപ്പോഴാണ് മനസ്സിലായതെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഇതിന് കൂടുതൽ ചികിത്സ ആവശ്യം ഇല്ലെന്നും വനം വകുപ്പ് വ്യക്തമാക്കി. തുമ്പിക്കൈയിൽ ഉൾപ്പെടെയുള്ള പരിക്ക് പിടി കൂടുന്നതിന് രണ്ടു ദിവസം മുൻപ് ഉണ്ടായതെന്നും കണ്ടെത്തൽ.
ഏപ്രിൽ 30 ഞായറാഴ്ച പുലർച്ചെ നാലരയോടെയാണ് അരിക്കൊമ്പനെ ചിന്നക്കനാലിൽ നിന്നും പെരിയാർ കടുവ സങ്കേതത്തിൽ തുറന്നു വിട്ടത്. ആനയ്ക്ക് ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലെന്നും തുറന്നുവിട്ട സ്ഥലത്ത് നിന്നും ഒന്നര കിലോമീറ്റർ ഉൾവനത്തിലേക്ക് അരിക്കൊൻ കയറിപ്പോയെന്നും റേഡിയോ കോളറിൽ നിന്നുള്ള ആദ്യ സിഗ്നലിൽ നിന്നും വ്യക്തമായതായി പെരിയാർ കടുവാ സങ്കേതം അസിസ്റ്റന്റ് ഫീൽഡ് ഡയറക്ടർ ഷുഹൈബ് അറിയിച്ചിരുന്നു. മംഗളാദേവി ക്ഷേത്രത്തിനു സമീപം മേദകാനത്തിനും മുല്ലക്കുടിക്കും ഇടയിലുള്ള ഉൾക്കാട്ടിലാണ് ആനയെ തുറന്നു വിട്ടത്.