ഇന്ത്യൻ നിർമ്മിത സ്വദേശി മെസേജിംഗ് ആപ്പായ അറട്ടൈയുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിനുള്ള ഒരു സുപ്രധാന നടപടി പ്രഖ്യാപിച്ച് സോഹോ.അറട്ടൈ ആപ്പില്‍ സോഹോ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഫീച്ചർ അവതരിപ്പിച്ചു. നവംബർ 18 മുതല്‍ അറട്ടൈ പ്ലാറ്റ്ഫോമിലുടനീളം നിർബന്ധിത എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ (E2EE) നടപ്പിലാക്കിയതായി സോഹോയുടെ സഹസ്ഥാപകനും ചീഫ് സയന്റിസ്റ്റുമായ ശ്രീധർ വെമ്ബു സ്ഥിരീകരിച്ചു. സമീപഭാവിയില്‍ മറ്റ് നിരവധി പുതിയ സവിശേഷതകള്‍ ആപ്പില്‍ ചേർക്കും. എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഫീച്ചര്‍ ലഭിക്കാനായി അറട്ടൈ ആപ്പ് ഉടന്‍ അപ്ഡേറ്റ് ചെയ്യാന്‍ ശ്രീധർ വെമ്ബു അഭ്യർഥിച്ചു. സന്ദേശങ്ങള്‍ അയയ്ക്കുന്നവർക്കും സ്വീകർത്താക്കള്‍ക്കും ഇടയില്‍ സ്വകാര്യത ഉറപ്പാക്കുന്ന ഫീച്ചറാണ് എൻഡ് ടു എൻഡ് എൻക്രിപ്ഷൻ. ഇതിനർഥം സോഹോയ്ക്ക് പോലും ഉള്ളടക്കം ആക്സസ് ചെയ്യാൻ കഴിയില്ല എന്നാണ്.
അറട്ടൈ ആപ്പില്‍ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ എത്തി
പ്ലേ സ്റ്റോറില്‍ നിന്നോ ആപ്പ് സ്റ്റോറില്‍ നിന്നോ അറട്ടൈയുടെ ഏറ്റവും പുതിയ പതിപ്പിലേക്ക് ഉടൻ തന്നെ അപ്ഡേറ്റ് ചെയ്യണമെന്നും അവരുടെ കോണ്ടാക്റ്റുകളെ ഇത് ചെയ്യാൻ പ്രോത്സാഹിപ്പിക്കണമെന്നും ശ്രീധര്‍ വെമ്ബു ഉപയോക്താക്കളോട് അഭ്യർഥിച്ചു. രണ്ട് ഉപയോക്താക്കളും ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പിലാണെങ്കില്‍ മാത്രമേ എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡ് ചാറ്റുകള്‍ സാധ്യമാകൂ എന്നും ശ്രീധര്‍ വെമ്ബു വ്യക്തമാക്കി. രണ്ട് കോണ്ടാക്റ്റുകളും ഏറ്റവും പുതിയ പതിപ്പ് ഉപയോഗിക്കുമ്ബോള്‍, അവർക്കായി ഒരു പുതിയ എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് ചെയ്ത ചാറ്റ് സെഷൻ ഓട്ടോമാറ്റിക്കായി സൃഷ്ടിക്കപ്പെടുമെന്ന് സോഹോ വിശദീകരിച്ചു. പഴയ ചാറ്റുകള്‍ സ്വയമേവ ആർക്കൈവ് ചെയ്യപ്പെടുകയും ഉപയോക്താക്കളെ പുതിയ സുരക്ഷിത ചാറ്റ് പേജിലേക്ക് നേരിട്ട് റീഡയറക്ട് ചെയ്യുകയും ചെയ്യും.
അറട്ടൈ ആപ്പ് അപ്ഡേറ്റ് ചെയ്യുക
അറട്ടൈ ആപ്പ് ഇതുവരെ അപ്ഡേറ്റ് ചെയ്യാത്ത കോണ്‍ടാക്റ്റുകളുമായുള്ള പഴയ ചാറ്റുകള്‍ മൂന്ന് ദിവസത്തേക്ക് മാത്രമേ ലഭ്യമാകൂ. അതിനുശേഷം അറട്ടൈ എല്ലാ ഉപയോക്താക്കളെയും പുതിയ പതിപ്പിലേക്ക് അപ്ഗ്രേഡ് ചെയ്യാൻ നിർബന്ധിതരാക്കുകയും പ്ലാറ്റ്ഫോമില്‍ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ പൂർണ്ണമായും നടപ്പിലാക്കുകയും ചെയ്യും. ഈ മൂന്ന് ദിവസത്തെ കാലയളവ് ഒരു പരിവർത്തന ഘട്ടം മാത്രമാണെന്നും സോഹോ കമ്ബനി പറയുന്നു. ഗ്രൂപ്പ് ചാറ്റുകളില്‍ നിലവില്‍ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ലഭ്യമല്ലെന്നും, എന്നാല്‍ ഈ സവിശേഷത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പുറത്തിറക്കുമെന്നും ശ്രീധർ വെമ്ബു വ്യക്തമാക്കി. സുരക്ഷിത ചാറ്റുകള്‍ക്കുള്ള ബാക്കപ്പ് സവിശേഷതയും രണ്ടാഴ്ചയ്ക്കുള്ളില്‍ എത്തും എന്നാണ് റിപ്പോർട്ടുകള്‍.
