കൊച്ചി: പാലുത്പന്ന കയറ്റുമതിയില്‍ മുന്നേറ്റം തുടർന്ന് രാജ്യം. കഴിഞ്ഞ സാമ്പത്തിക വർഷം ആകെ 1.13 ലക്ഷം ടണ്‍ പാലുത്പന്നങ്ങളാണ് ഇന്ത്യ കയറ്റുമതി ചെയ്തത്. ഇതിലൂടെ 4181 കോടി രൂപയുടെ വരുമാനവും നേടി. മുന്‍ സാമ്പത്തിക വർഷവുമായി താരതമ്യം ചെയ്യുമ്പോള്‍ കയറ്റുമതിയില്‍ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. 2023-24 സാമ്പത്തിക വർഷത്തില്‍ 2,260.94 കോടി രൂപ മൂല്യം വരുന്ന 63,738.50 ടണ്ണായിരുന്നു കയറ്റുമതി ചെയ്തത്.
പാലിന് പുറമെ പാൽ, വെണ്ണ, നെയ്യ്, ചീസ്, തൈര്, പനീർ, പാൽകൊണ്ടുള്ള മധുരപലഹാരങ്ങൾ, ഐസ്‌ക്രീമുകള്‍ തുടങ്ങിയവയാണ് വലിയ തോതില്‍ കയറ്റിപോകുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ പാൽ ഉത്പാദിപ്പിക്കുന്ന രാജ്യം കൂടിയാണ് ഇന്ത്യ. ആഭ്യന്തര ഉപഭോഗം കൂടുതലാണെന്നും കയറ്റുമതിയിലും നമ്മള്‍ മുന്നിട്ട് നില്‍ക്കുന്നു. നിലവില്‍ ഉത്തർപ്രദേശാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ പാല്‍ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം.
കയറ്റുമതി കൂടുതല്‍ യു എ ഇയിലേക്ക് പുളിപ്പിച്ച പാൽ പോലുള്ള ഉൽപ്പന്നങ്ങളുടെ കയറ്റുമതിയിലും വർധനയുണ്ടായി. ഇന്ത്യൻ പാൽ ഉൽപന്നങ്ങളുടെ പ്രധാന കയറ്റുമതി കേന്ദ്രങ്ങൾ യു എ ഇ, ബംഗ്ലാദേശ്, അമേരിക്ക, സൗദി അറേബ്യ, ഭൂട്ടാൻ എന്നിവയാണ്. പാൽ ഉൽപന്നങ്ങളുടെ പ്രധാന കയറ്റുമതിക്കാർ ഗുജറാത്ത് കോപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ, മദർ ഡയറി, പഞ്ചാബ് സ്റ്റേറ്റ് കോപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്‌സ് ഫെഡറേഷൻ, ബീഹാർ സ്റ്റേറ്റ് മിൽക്ക് കോ-ഓപ്പറേറ്റീവ് ഫെഡറേഷൻ, ബ്രിട്ടാനിയ എന്നിവയാണ്.
ഇന്ത്യയുടെ പാൽ ഉൽപാദനം അടുത്ത അല്ലെങ്കിൽ ഇടത്തരം കാലയളവിൽ 5 ശതമാനം വാർഷിക വളർച്ച കൈവരിക്കുമെന്നാണ് പ്രവചനം. 2020 സാമ്പത്തിക വർഷത്തിൽ പാൽ ഉൽപാദനം 198 ദശലക്ഷം ടണ്ണായിരുന്നു. ഇന്ത്യയുടെ പ്രതിശീർഷ പാൽ ലഭ്യത 4 ശതമാനം വർദ്ധിച്ച് 2027 സാമ്പത്തിക വർഷത്തോടെ പ്രതിദിനം 530 ഗ്രാമിലെത്തുമെന്നും പ്രതീക്ഷിക്കുന്നു.