തിരുവനന്തപുരം: മധ്യകിഴക്കൻ അറബിക്കടലിന് മുകളിൽ ന്യൂനമർദ്ദം രൂപപ്പെട്ട സാഹചര്യത്തിൽ കേരളത്തിൽ അടുത്ത രണ്ട് ദിവസം വ്യാപക മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ നിന്നും തെക്ക് – കിഴക്കൻ ഇന്ത്യയ്ക്ക് മുകളിലേക്ക് വടക്ക് – കിഴക്കൻ-കിഴക്കൻ കാറ്റ് ശക്തമായിരിക്കുകയാണ്. ഇതിന്റെ സ്വാധീനഫലമായി കേരളത്തിൽ അടുത്ത രണ്ടോ മൂന്നോ ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഇന്നും നാളെയും കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്.
കേരള തീരത്ത് 08-11-2023 ന് രാത്രി 11.30 വരെ 1.0 മുതൽ 1.7 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തെക്കൻ തമിഴ്നാട് തീരത്ത് 08-11-2023 ന് രാത്രി 11.30 വരെ 1.0 മുതൽ 1.6 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്നും അറിയിപ്പിൽ പറയുന്നു.