രാമനാട്ടുകര: വാഹനത്തിരക്കേറിയ ഫാറൂഖ് കോളേജ്-വാഴക്കാട് റോഡിലെ അഴിഞ്ഞിലം കരുമകൻകാവ് ഭാഗത്തെ അപകടവളവ് നാട്ടുകാർക്കും യാത്രക്കാർക്കും ഭീഷണിയാകുന്നു. കഴിഞ്ഞദിവസം നിയന്ത്രണം വിട്ട സ്വകാര്യ ബസ് സമീപത്തെ വീടിന്റെ മതിലും ചുമരും തകർത്തതോടെയാണ് ഇവിടുത്തെ അപകടാവസ്ഥ വീണ്ടും ചർച്ചയാകുന്നത്. വർഷങ്ങളായി തുടരുന്ന ഈ ദുരന്തവളവിന് പരിഹാരം കാണാൻ അധികൃതർ തയ്യാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
അഴിഞ്ഞിലം മേൽപ്പാലത്തിന് താഴെക്കൂടി ഫാറൂഖ് കോളേജ് ഭാഗത്തേക്ക് വരുമ്പോൾ ഏകദേശം 25 മീറ്ററിനുള്ളിൽ രണ്ട് കടുംവളവുകളും കുത്തനെയുള്ള കയറ്റവുമാണുള്ളത്. റോഡിന് വീതി കുറവായതിനാൽ ഈ വളവുകളിൽ വലിയ വാഹനങ്ങൾ നേർക്കുനേർ വരുമ്പോൾ അപകടങ്ങൾ പതിവാണ്. മൂന്ന് വർഷം മുൻപ് റോഡ് ആധുനിക രീതിയിൽ നവീകരിച്ചതോടെ വാഹനങ്ങളുടെ വേഗത വർധിച്ചതും അപകടസാധ്യത കൂട്ടി.
ഫറോക്ക്, ചുങ്കം, നല്ലൂർ ഭാഗങ്ങളിൽ നിന്ന് ആറുവരിപ്പാതയിലേക്ക് വേഗത്തിൽ എത്താവുന്ന പ്രധാന പാതയാണിത്. ഐ.ഒ.സി പ്ലാന്റിൽ നിന്നുള്ള ഇന്ധന ടാങ്കറുകൾ, കണ്ടെയ്നർ ലോറികൾ, ആംബുലൻസുകൾ എന്നിവ ഇടതടവില്ലാതെ ഈ വളവിലൂടെയാണ് കടന്നുപോകുന്നത്. ഇറക്കം ഇറങ്ങിവരുന്ന വാഹനങ്ങളും കയറ്റം കയറുന്നവയും പലപ്പോഴും തലനാരിഴയ്ക്കാണ് വലിയ അപകടങ്ങളിൽ നിന്ന് രക്ഷപ്പെടുന്നത്.
വർഷങ്ങൾക്ക് മുൻപ് പൊതുമരാമത്ത് വകുപ്പിന്റെ അദാലത്തിൽ വളവ് നിവർത്തണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പരാതി നൽകിയിരുന്നു. എന്നാൽ ഇതുവരെയും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. വലിയൊരു ജീവഹാനി സംഭവിക്കുന്നതിന് മുൻപ് റോഡ് വീതികൂട്ടി വളവ് കുറയ്ക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.
