അഴിമതി: ഇംറാൻ ഖാന് മൂന്നു വർഷം തടവ്; തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് അഞ്ചു വർഷം വിലക്ക്

news image
Aug 5, 2023, 9:28 am GMT+0000 payyolionline.in

ഇസ്‍ലാമാബാദ്: തോഷഖാന അഴിമതിക്കേസിൽ പാകിസ്താൻ മുൻ പ്രധാനമന്ത്രിയും തഹ്‍രീകെ ​ഇൻസാഫ് പാർട്ടി(പി.ടി.ഐ) നേതാവുമായ ഇംറാൻ ഖാന് (70) മൂന്നു വർഷം തടവ്. ഇസ്‍ലാമാബാദിലെ വിചാരണ കോടതിയുടെതാണ് വിധി. കോടതി വിധിക്കു പിന്നാലെ ഇംറാനെ അദ്ദേഹത്തിന്റെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തതായി പി.ടി.ഐ ട്വീറ്റ് ചെയ്തു.

കേസിൽ ഇംറാൻ ഖാൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് അഞ്ച് വർഷത്തേക്ക് വിലക്കുകയും ചെയ്തു. ഇതോടെ പാകിസ്താനിൽ നവംബറിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഇംറാൻ ഖാന് മത്സരിക്കാനാകില്ല. തടവിനൊപ്പം ഇംറാൻ ഖാൻ ഒരുലക്ഷം രൂപ പിഴയടക്കണമെന്നും കോടതി വിധിച്ചു. പിഴയടച്ചില്ലെങ്കിൽ ആറുമാസം കൂടി തടവ് ശിക്ഷയനുഭവിക്കേണ്ടി വരും. വിധിക്കെതിരെ ​അപ്പീൽ നൽകുമെന്ന് ഇംറാൻ വ്യക്തമാക്കി.

കോടതി വിധിയോടനുബന്ധിച്ച് വൻ പൊലീസ് സന്നാഹത്തെയാണ് ഇംറാന്റെ വീടിനു സമീപം വിന്യസിച്ചത്. പി.ടി.ഐ പ്രവർത്തകരെ വീട്ടിലേക്ക് കടത്തിവിട്ടില്ല. വീടിനു പുറത്ത് ആളുകൾ കൂടിനിൽക്കുന്നതും പ്രതിഷേധിക്കുന്നതും വിലക്കി.

2022 ആഗസ്റ്റില്‍ മുഹ്‌സിൻ ഷാനവാസ് രഞ്ജ എന്ന രാഷ്ട്രീയക്കാരനും മറ്റു ചിലരുമാണ് ഇംറാനെതി​െര കേസ് ഫയല്‍ ചെയ്തത്. ഗൾഫ് രാജ്യങ്ങളിൽനിന്നു സമ്മാനമായിക്കിട്ടിയ മൂന്നു വാച്ച്‌ ഇംറാൻ കോടിക്കണക്കിന് രൂപക്ക് വിറ്റുവെന്നായിരുന്നു ആരോപണം.

ഇംറാൻ പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച പാരിതോഷികങ്ങൾ വിൽപ്പന നടത്തിയ കേസിലാണ് ശിക്ഷിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള വില പിടിപ്പുള്ള സമ്മാനങ്ങൾ രാജ്യത്തിന്റെ ഖജനാവിലേക്കുള്ളതാണ്. നിശ്ചിത തുകയിൽ കുറവാന് സമ്മാനങ്ങളുടെ മൂല്യമെങ്കിൽ കൈവശം വെക്കാം. അതുപോലെ സമ്മാനങ്ങളുടെ വില 50 ശതമാനം വരെ കുറച്ച് സ്വന്തമാക്കുകയും ചെയ്യാം. എന്നാൽ ഇംറാൻ ഈ സമ്മാനങ്ങൾ 20 ശതമാനം വിലകുറച്ച് വാങ്ങിയ ശേഷം മറിച്ചു വിറ്റുവെന്നാണ് പരാതി.

പാകിസ്താനില്‍ 1974ല്‍ സ്ഥാപിതമായ തോഷഖാന വകുപ്പാണ് ഭരണാധികാരികൾക്കും ഉദ്യോഗസ്ഥര്‍ക്കും ലഭിക്കുന്ന സമ്മാനങ്ങളും മറ്റ് വിലകൂടിയ വസ്തുക്കളും ശേഖരിക്കുന്നത്. ഭരണകർത്താക്കള്‍, നിയമ നിര്‍മാണ സഭാംഗങ്ങള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സൈനിക ഉദ്യോഗസ്ഥര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് വിദേശ രാജ്യങ്ങളുടെ തലവന്മാര്‍, സർക്കാരുകൾ, അന്തര്‍ദേശീയ പ്രമുഖര്‍ എന്നിവര്‍ നല്‍കുന്ന മൂല്യമേറിയ സമ്മാനങ്ങള്‍ തോഷഖാന വകുപ്പിലേക്ക് നൽകണം. ഈ നിയമം ബാധകമാകുന്ന ആളുകള്‍ ലഭിക്കുന്ന സമ്മാനങ്ങളും മറ്റ് സാമഗ്രികളും കാബിനറ്റ് ഡിവിഷനില്‍ അറിയിക്കണം. ഒപ്പം അവര്‍ക്ക് ലഭിക്കുന്ന സമ്മാനങ്ങളും വസ്തുക്കളും തോഷഖാനയില്‍ ഏല്‍പ്പിക്കുകയും വേണം. പാക് പ്രസിഡന്റിനും പ്രധാനമന്ത്രിക്കും മാത്രം ഇതിൽ ഇളവുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe