‘അവസരവാദ നിലപാട് സ്വീകരിച്ചവർ ചരിത്രത്തിന്റെ ചെളിക്കുണ്ടിൽ വീണ് താഴും’;അമ്പലപ്പുഴയിൽ സുധാകരനെതിരെ മുഖ്യമന്ത്രി

news image
Apr 1, 2026, 12:51 pm GMT+0000 payyolionline.in

ആലപ്പുഴ: സിപിഐഎം വിട്ട് യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കുന്ന ജി സുധാകരനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അമ്പലപ്പുഴ പുന്നപ്ര വയലാറിന്റെ മണ്ണാണെന്നും അതിന് അതിൻ്റേതായ ചരിത്രമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ആ ചരിത്രം വഞ്ചന കാണിച്ചവരെ പ്രോത്സാഹിപ്പിക്കാൻ അല്ല. അമ്പലപ്പുഴയിൽ എൽഡിഎഫിന് ഒരു തരത്തിലുള്ള പോറലും ഏൽകില്ല. അവസരവാദ നിലപാട് സ്വീകരിച്ചവർ ചരിത്രത്തിൻ്റെ ചെളിക്കുണ്ടിൽ വീണ് താഴുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അമ്പലപ്പുഴയിൽ എൽഡിഎഫിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആലപ്പുഴ ഇതുവരെ ഒരു വ്യതിയാനത്തിന്റെയും കൂടെ ഉണ്ടായിട്ടില്ല. വ്യതിയാനം ഉണ്ടായവർ അതിന്റെ വഴിക്ക് പോകട്ടെയെന്നും നാടും നാട്ടുകാരും ശരിയായ വഴിക്ക് ഉറച്ചു നിന്നിട്ടുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു. എൽഡിഎഫിനെ പരാജയപ്പെടുത്താൻ യുഡിഎഫ് ശ്രമിക്കുകയാണ്. യുഡിഎഫിൻ്റെ അവസരവാദ നിലപാടിന്റെ ഉദാഹരണമാണ് അമ്പലപ്പുഴ മണ്ഡലം. അവസരവാദ രാഷ്ട്രീയത്തിന്റെ കൂടെ നിൽക്കണോ എന്ന് ജനങ്ങൾ ചിന്തിക്കും. അമ്പലപ്പുഴയിലെ ജനങ്ങളെ കുറച്ച് കാണരുതെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് അതീവ നിർണ്ണായകമാണെന്നും ഇടതുപക്ഷം സമഗ്രമായ മാറ്റം കൊണ്ട് വന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ മേഖലയിലും വികസനം നേടി. ആഭ്യന്തര ഉത്പാദനം വലിയ തോതിൽ വർധിച്ചു. 10 വർഷം കേരളത്തിൽ വലിയ പുതുമയുള്ള കാര്യമല്ല. സർക്കാരുകൾ മാറി മാറിവന്ന ചരിത്രമാണ് ജനങ്ങൾ തിരുത്തിയതെന്നും അത് ജനങ്ങളുടെ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ ഉള്ളതായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആർഎസ്എസും ബിജെപിയും രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വളർന്നിട്ടുണ്ട്. കേരളം അവരെ സ്വീകരിക്കുന്നില്ല. ഈ നാട് ആർഎസ്എസിനെയും ബിജെപിയും അംഗീകരിക്കുന്നില്ല. ആ വിരോധം പകയായി വിദ്വേഷമായി മാറുന്നു. കേരളം തകരട്ടെ എന്ന നിലപാടാണ് ബിജെപിയും ആർഎസ്എസും കേന്ദ്ര സർക്കാരും എടുത്തതെന്നും പിണറായി വിജയൻ പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റം കൊണ്ടുവരാൻ സാധിച്ചു. കേരളത്തിന്റെ തൊഴിൽ രംഗം വൻതോതിൽ മാറാൻ പോകുന്നു. റെഡ് കാറ്റഗറിയിൽ പെട്ട വ്യവസായങ്ങൾ ഒഴികെ മറ്റെല്ലാ വ്യവസായങ്ങളെയും സ്വാഗതം ചെയ്യുന്നു. കേരളം വ്യവസായ സൗഹൃദ സംസ്ഥാനമായി മാറിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.കേന്ദ്ര സർക്കാർ ദുരന്ത സാഹചര്യത്തിൽ അടക്കം സംസ്ഥാനത്തിന് സഹായം നൽകിയില്ല. വിദേശ സഹായം സ്വീകരിക്കാൻ അനുവദിച്ചില്ല. മോദി ഗുജറാത്തിൽ മുഖ്യമന്ത്രി ആയപ്പോൾ ലോകത്ത് നിന്നുള്ള പല സഹായവും സ്വീകരിച്ചാണ് ദുരന്തത്തിൽ നിന്ന് ഗുജറാത്തതിനെ പുനർ നിർമ്മിച്ചത്. മോദി പ്രാധനമന്ത്രി ആയപ്പോൾ കേരളത്തോട് സ്വീകരിച്ചത് അതിന് വിരുദ്ധ നിലപാടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe