അൻവര്‍ പുറത്തിറങ്ങി; ‘പിന്തുണച്ചവർക്ക് നന്ദി’, പൊന്നാട അണിയിച്ച് പ്രവർത്തകർ

news image
Jan 6, 2025, 3:25 pm GMT+0000 payyolionline.in

മലപ്പുറം: നിലമ്പൂര്‍ ഡിഎഫ്ഒ ഓഫീസ് അടിച്ചു തകര്‍ത്ത കേസിൽ ജാമ്യം ലഭിച്ച പിവി അൻവര്‍ എംഎൽഎ ജയിലിൽ നിന്ന് പുറത്തിറങ്ങി. 18 മണിക്കൂര്‍ നീണ്ട ജയിൽ വാസത്തിനുശേഷമാണ് പിവി അൻവര്‍ രാത്രി 8.25ഓടെ ജയിലിൽ നിന്നും പുറത്തിറങ്ങിയത്. ജയിലിൽ നിന്ന് പുറത്തിറങ്ങിയ പിവി അൻവറിനെ പ്രവര്‍ത്തകര്‍ പൂമാലയും പൊന്നാടയും അണിയിച്ചാണ് സ്വീകരിച്ചത്. ജയിലിന് പുറത്ത് തടിച്ചുകൂടിയ ഡിഎംകെ പ്രവര്‍ത്തകര്‍ മധുരം വിതരണം ചെയ്താണ് അൻവര്‍ ജയിലിന് പുറത്തിറങ്ങിയത് ആഘോഷിച്ചത്. പിവി അൻവറിന് അഭിവാദ്യം അര്‍പ്പിച്ച് ജയിലിന് പുറത്ത് പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി. ജയിലിന് പുറത്ത് പിവി അനവറിന് വൻ സ്വീകരണമാണ് പ്രവര്‍ത്തകര്‍ നൽകിയത്. പ്രവര്‍ത്തകര്‍ നൽകിയ ഇളനീര്‍ കുടിച്ചാണ് അൻവര്‍ പുറത്തേക്ക് വന്നത്.

പിന്തുണച്ച എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും ഇന്ത്യയിലെ നിയമവ്യവസ്ഥിതിയിൽ വിശ്വാസമുണ്ടെന്നും  പിവി അൻവര്‍ എംഎൽഎ പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രതിപക്ഷ നേതാവിനും കെപിസിസി പ്രസിഡന്‍റും ഉള്‍പ്പെടെ പിന്തുണച്ചവര്‍ക്കെല്ലാം നന്ദിയുണ്ടെന്നും അൻവര്‍ പറഞ്ഞു. വൈകിട്ടോടെ കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചെങ്കിലും ഉത്തരവും ബോണ്ടും ഉള്‍പ്പെടെ ജയിലിൽ എത്തിക്കാനുള്ള സമയവും നടപടിക്രമങ്ങളും നീണ്ടതോടെയാണ് ജയിൽ മോചനം വൈകിയത്. രാത്രി 7.45ഓടെയാണ് അൻവറിന്‍റെ മോചനത്തിനുള്ള ബോണ്ടുമായി ഡിഎംകെ സംസ്ഥാന കോഓര്‍ഡിനേറ്റര്‍ വിഎസ് മനോജ് കുമാര്‍ മലപ്പുറം തവനൂരിലെ ജയിലിലെത്തിയത്. തുടര്‍ന്ന് നടപടികള്‍ പൂര്‍ത്തിയാക്കി തവനൂരിലെ ജയിലിൽ നിന്നും അൻവര്‍ പുറത്തിറങ്ങുകയായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe