അൻവർ സംയമനം പാലിക്കണം, വഴിയമ്പലമായി യു.ഡി.എഫിനെ ആരും കാണരുത് – മുല്ലപ്പളളി രാമചന്ദ്രൻ

news image
Dec 23, 2025, 8:05 am GMT+0000 payyolionline.in

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് മുന്നണി വിപുലീകരണവുമായി മുന്നോട്ടു പോകുന്ന യു.ഡി.എഫിന് മുന്നറിയിപ്പ് നൽകി മുൻ കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. എല്ലാവരെയും മുന്നണിയിലേക്ക് കൊണ്ടുവരിക എന്നു പറഞ്ഞാൽ പ്രയാസമുള്ള കാര്യമാണ്. എല്ലാവർക്കും എം.എൽ.എ സ്ഥാനം വേണമെന്ന് പറഞ്ഞാൽ അത് അംഗീകരിക്കാൻ പ്രയാസമുള്ള കാര്യമാണ്. അതുകൊണ്ട് ഒരിക്കലും ഒരു വഴിയമ്പലമായി ഐക്യജനാധിപത്യ മുന്നണിയെ നോക്കി കാണാൻ സാധ്യമല്ലയെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

അവസരസേവകന്മാരുടെ അവസാന അഭയകേന്ദ്രമായി യു.ഡി.എഫ് മാറരുത്. വഴിയമ്പലമായി യു.ഡി.എഫിനെ നോക്കിക്കാണാൻ കഴിയില്ല. വിഷ്ണുപുരം ചന്ദ്രശേഖരന്റെ പാർട്ടിയെ കുറിച്ച് തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു. പി.വി. അൻവർ സംയമനം പാലിക്കണമെന്നും അദ്ദഹേഹം പറഞ്ഞു.

‘പി.വി അൻവർ അല്പം സംയമനം പാലിക്കണം. അത് എവിടെയായാലും. മുന്നണിയിലായാലും പാർട്ടിയിൽ ആയാലും അച്ചടക്കത്തിന് വിരുദ്ധമായി സംസാരിക്കുന്നതും പരസ്യപ്രസ്താവന നടത്തുന്നതും ഗുണമല്ല. അവസരസേവകന്മാരുടെ അവസാന അഭയ കേന്ദ്രമായി യു.ഡി.എഫ് മാറുന്നതിനോട് യോജിപ്പില്ല. ഐക്യ ജനാധിപത്യമുന്നണിയുടെ നിലപാടുകളുമായി യോജിക്കുന്നവരെ മാത്രമെ മുന്നണിയിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. വിഷ്ണുപുരം ചന്ദ്രശേഖരന്റെ പാർട്ടിയെ കുറിച്ച് തനിക്ക് അറിയുക പോലുമില്ല. അദ്ദേഹം ആരാണെന്ന് പോലും അറിയില്ല’, മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

പി.വി അൻവറിനെ യു.ഡി.എഫിന്റെ അസോസിയേറ്റ് അംഗമാക്കിയതിന് പിന്നാലെയാണ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം.

അതേസമയം, എൻ.ഡി.എ ഘടകകക്ഷി വി.എസ്‌.ഡി.പിയെ ഇനി യു.ഡി.എഫിൻ്റെ ഭാഗമാക്കേണ്ടതില്ലെന്ന് കോൺഗ്രസ് തീരുമാനിച്ചു. ഇനി വിഷ്‌ണുപുരം ചന്ദ്രശേഖരൻ താത്പര്യം പ്രകടിപ്പിച്ചാലും മുന്നണിയുടെ ഭാഗമാക്കില്ല. എൻ.ഡി.എയിൽ പരിഗണന ലഭിക്കുന്നതിനായി വിഷ്ണുപുരം ചന്ദ്രശേഖരൻ നാടകം നടത്തുകയായിരുന്നു എന്നാണ് കോൺഗ്രിന്‍റെ വിലയിരുത്തൽ.

ഇന്ത്യന്‍ നാഷണല്‍ കാമരാജ് കോണ്‍ഗ്രസ് പാര്‍ട്ടി നേതാവായ വിഷ്ണുപുരം ചന്ദ്രശേഖരൻ നിരവധി തവണ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് യു.ഡി.എഫിലേക്കെടുത്തതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഇന്നലെ വ്യക്തമാക്കിയിരുന്നു. തന്നെയും രമേശ് ചെന്നിത്തലയെയും തിരുവഞ്ചൂർ രാധാകൃഷ്ണനെയും വിഷ്ണുപുരം ചന്ദ്രശേഖരൻ വന്ന് കണ്ടിരുന്നു. ഇന്നലെ അദ്ദേഹം വിളിച്ചിരുന്നുവെന്നും വി.ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

യു.ഡി.എഫില്‍ അദ്ദേഹത്തിന്‍റെ കാര്യം ചര്‍ച്ചക്ക് വെച്ചിരുന്നു. എതിര്‍പ്പില്ലെന്ന് ഘടകകക്ഷികള്‍ അറിയിച്ചിരുന്നു. തുടർന്ന് ആദ്യഘട്ടമെന്ന നിലയിലാണ് അസോസിയേറ്റ് മെമ്പര്‍ ആക്കിയത്. യു.ഡി.എഫിലേക്ക് വരാന്‍ താത്പര്യമുള്ളവര്‍ രേഖാമൂലം കത്ത് നല്‍കിയിരുന്നു. ഇന്ന് രാവിലെയും ചന്ദ്രശേഖരന്‍ വിളിച്ചപ്പോൾ യു.ഡി.എഫില്‍ ഇന്ന് തീരുമാനമെടുക്കുമെന്ന് അറിയിച്ചിരുന്നു. അസോസിയേറ്റ് മെമ്പറാക്കുമെന്ന് പറഞ്ഞില്ലെന്ന് വി.ഡി സതീശന്‍ പറഞ്ഞു.

ഇപ്പോൾ പിന്മാറിയതിന്റെ കാരണം അറിയില്ല. യു.ഡി.എഫ് ഘടക കക്ഷിയാക്കണമെന്നതായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. അസോസിയേറ്റ് അംഗം ആക്കിയതിൽ അതൃപ്തി ഉണ്ടാകും. അസോസിയേറ്റ് അംഗമാകാൻ താത്പര്യമില്ലെങ്കിൽ വേണ്ട. അവർക്ക് വരാനും വരാതിരിക്കാനും അവകാശമുണ്ട്. എന്തായാലും തീരുമാനത്തിൽ യു.ഡി.എഫ് നേതൃത്വത്തിന് വീഴ്ച പറ്റിയിട്ടില്ലെന്നും വി.ഡി സതീശൻ പറഞ്ഞു.

പി.വി അന്‍വറിന്റെ തൃണമൂല്‍ കോണ്‍ഗ്രസിനെയും സി.കെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ സഭയെയും വിഷ്ണുപുരം ചന്ദ്രശേഖരന്റെ ഇന്ത്യന്‍ നാഷണല്‍ കാമരാജ് കോണ്‍ഗ്രസ് പാര്‍ട്ടിയെയും യു.ഡി.എഫ് അസോസിയേറ്റ് അസോസിയേറ്റ് അംഗമാക്കാനുള്ള തീരുമാനം ഇന്നാണ് പ്രതിപക്ഷ നേതാവ് പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയാണ് ചന്ദ്രശേഖരൻ വാർത്താസമ്മേളനം നടത്തി യു.ഡി.എഫിലേക്ക് ഇല്ലെന്ന് അറിയിച്ചത്.

യു.ഡി.എഫ് പ്രവേശന വാർത്തകള്‍ അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോൺ​ഗ്രസുമായി ബന്ധപ്പെട്ട ആർക്കും കത്ത് നൽകിയിട്ടില്ല. നൽകിയെന്ന് പറയുന്ന തന്റെ അപേക്ഷ പുറത്തുവിടാൻ യു.ഡി.എഫ് നേതാക്കൾ തയാറാകണമെന്നും ചന്ദ്രശേഖരൻ ആവശ്യപ്പെട്ടു.

എൻ.ഡി.എയുമായി തനിക്ക് അഭിപ്രായ വ്യത്യാസം ഉണ്ട്. അത് പരിഹരിക്കാൻ പ്രാപ്തനുമാണ്. തനിക്കുള്ള വിഷയങ്ങൾ രാജീവ് ചന്ദ്രശേഖർ ഒരു പരിധി വരെ പരിഹരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ എൻ.ഡി.എ വൈസ് ചെയർമാനാണ്. എൻ.ഡി.എയുമായി അതൃപ്തിയുണ്ടെന്ന് വെളിപ്പെടുത്തിയ വിഷ്ണുപുരം എൻ.ഡി.എയുമായുള്ള അതൃപ്തി പരിഹരിക്കാൻ തനിക്ക് ശക്തിയുണ്ടെന്നും വ്യക്തമാക്കി. രാജീവ് ചന്ദ്രശേഖർ വന്ന ശേഷം മെച്ചപ്പെട്ട പരി​ഗണന നൽകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

താൻ ഇപ്പോഴും ഒരു സ്വയം സേവകനാണെന്നും എൻ.ഡി.എ മുന്നണിയുമായി പല അതൃപ്തികളുമുണ്ടെങ്കിലും അതിൽ നിന്ന് ചാടിപ്പോകാൻ മാത്രം അതൃപ്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe