അർജുനും അമ്മയും ഇനി പുത്തൻ വീട്ടിൽ; ഏഴാം ക്ലാസുകാരന് നല്‍കിയ വാക്ക് പാലിച്ച് ഗണേഷ്‍കുമാർ

news image
Aug 22, 2023, 11:29 am GMT+0000 payyolionline.in

പത്തനാപുരം: വീടുവെച്ച് നല്‍കാമെന്ന് ഏഴാം ക്ലാസുകാരന് നല്‍കിയ വാക്ക് പാലിച്ച് കെ.ബി. ഗണേഷ്‍കുമാർ എം.എൽ.എ. പത്തനാപുരം കമുകുംചേരിയിലെ അർജുനും അമ്മ അഞ്ജുവിനുമാണ് ഓണസമ്മാനമായി വീട് സമർപ്പിച്ചത്. വീട്ടിലേക്ക് വേണ്ട സാധനങ്ങളും എത്തിച്ചിരുന്നു. ഗണേഷ് കുമാറും ഭാര്യ ബിന്ദു മേനോനും ചേർന്ന് ഗൃഹപ്രവേശനം നിർവഹിച്ചു. നാട്ടുകാരും ജനപ്രതിനിധികളും അടക്കം നിരവധി പേർ ചടങ്ങിൽ പങ്കാളികളായി. സ്വന്തം നിലയിൽ വീട് വെച്ചു നൽകാമെന്നായിരുന്നു എം.എൽ.എയുടെ വാഗ്ദാനം. ഓണത്തിന് മുമ്പ് നിർമാണം പൂർത്തീകരിക്കുമെന്നും പറഞ്ഞിരുന്നു. അർജുന്‍റെ അമ്മ അഞ്ജുവിന് കുടുംബ സ്വത്തായി ലഭിച്ച പത്ത് സെന്‍റ് ഭൂമിയിലാണ് വിടുവെച്ച് നൽകിയത്.

രണ്ടര വയസ്സുള്ളപ്പോൾ അച്ഛൻ ഉപേക്ഷിച്ചുപോയ അർജുൻ അമ്മക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. അമ്മക്ക് റേഷൻ കടയിലെ ജോലിയിൽനിന്നുള്ള വരുമാനത്തിലാണ് ഇവർ കഴിഞ്ഞിരുന്നത്. ഒരു ചടങ്ങിൽ അർജുന്‍റെയും അമ്മയുടെയും പ്രയാസങ്ങൾ നേരിട്ടറിഞ്ഞ കെ.ബി. ഗണേഷ് കുമാര്‍ വീടുവെച്ച് നൽകാമെന്ന വാഗ്ദാനം നൽകുകയായിരുന്നു. തറക്കല്ലിടുന്ന വിഡിയോയും അര്‍ജുനെ തന്‍റെ നാലാമത്തെ കുട്ടിയായി നോക്കുമെന്ന എം.എൽ.എയുടെ വാക്കുകളും സമൂഹ മാധ്യമങ്ങളിൽ ഏറെ ചര്‍ച്ചയായിരുന്നു.

തറക്കല്ലിടൽ നിർവഹിച്ച് അഞ്ച് മാസം തികയുമ്പോഴാണ് വീടിന്റെ താക്കോൽ കൈമാറിയത്. അര്‍ജുന്‍റെ സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും വീടിന്‍റെ നിര്‍മാണത്തില്‍ ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe