അൽഫാം കഴിച്ചതോടെ വയറിളക്കവും ഛർദിയും, 10,000 രൂപ തരാമെന്ന് ഹോട്ടൽ മാനേജർ; പരാതി നൽകി സ്ത്രീകൾ, ഹോട്ടലുടമ ഹാജരാകണമെന്ന് ഉത്തരവ്

news image
Nov 11, 2025, 6:52 am GMT+0000 payyolionline.in

റാന്നി: ചെത്തോങ്കരയിലുള്ള കിങ്സ് ബിരിയാണി കഫെ ഉടമ ആഷിഷ് ജോൺ മാത്യുവും കഫേ മാനേജരും പത്തനംതിട്ട ഉപഭോക്തൃ തർക്ക പരിഹാര കമീഷനിൽ ഹാജരാകാന്‍ ഉത്തരവ്. വെച്ചുച്ചിറ നുറോക്കാട് പുത്തൻപുരയ്ക്കൽ വീട്ടിൽ റീന തോമസ് നല്‍കിയ പരാതിയിലാണ് ഉത്തരവ്.

പരാതിക്കാരിയും സഹോദരിയും റാന്നിയിലെ ബാങ്കിൽ പോയി മടങ്ങുമ്പോൾ കിങ്സ് ബിരിയാണി കഫെയിലെത്തി അൽഫാം വാങ്ങി. കഴിച്ചപ്പോൾ തന്നെ രുചി വ്യത്യാസം അനുഭവപ്പെടുകയും ഈ വിവരം അപ്പോൾ തന്നെ വെയിറ്ററോട് പറയുകയും ചെയ്തു. എന്നാൽ തോന്നിയതാവാമെന്നാണ് വെയിറ്റർ പറഞ്ഞത്. രുചി വ്യത്യാസം കാരണം സഹോദരി അൽപം മാത്രമേ കഴിച്ചുള്ളൂ. ബിൽ തുക 740 രൂപ ഡെബിറ്റ് കാര്‍ഡ് മുഖേന നല്‍കി ഇവര്‍ വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.

എന്നാൽ, യാത്ര മധ്യേ കാറിൽവെച്ച് ഇവർ രണ്ട് തവണ ഛർദ്ദിച്ചു. പിന്നീട് തലക്കറക്കവും കഠിനമായ വയറുവേദനയും അനുഭവപ്പെട്ടു. പല തവണ വയറിളക്കവുമുണ്ടായി. വയറിളക്കവും ഛർദ്ദിയും തുടർന്നതിനാൽ വെച്ചുച്ചിറയുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. പിറ്റേ ദിവസവും അസുഖം കുറയാത്തതിനെ തുടർന്ന് വിദഗ്‌ധ ചികിത്സക്കായി കാഞ്ഞിരപ്പള്ളിയിലെ ആശുപത്രിയിലെത്തി. പരിശോധനയിൽ ഭക്ഷ്യ വിഷബാധയാണെന്ന് കണ്ടെത്തി.

ഒരാഴ്‌ച അവിടെ അഡ്‌മിറ്റായി ചികിത്സിക്കുകയും 36,393 രൂപയുടെ ബിൽ ആവുകയും ചെയ്തു. ഈ വിവരം പരാതിക്കാരിയുടെ മകൻ ഹോട്ടൽ മാനേജറെ വിളിച്ചു പറഞ്ഞപ്പോൾ വേണമെങ്കിൽ 10,000 രൂപ തരാമെന്നായിരുന്നു മറുപടിയെന്ന് പരാതിയിൽ പറയുന്നു. ഇതോടെയാണ് ഇവർ കമീഷനെ സമീപിച്ചത്.

ആശുപത്രികളിലെ ബിൽ തുകയായ 36,393 രൂപയും അനുഭവിച്ച വേദനകൾക്കും മനോവിഷമത്തിനും മറ്റുമായി 5,00,000 രൂപ നഷ്ടപരിഹാരമായും നൽകണമെന്ന് ആവശ്യപ്പെട്ടാണ് പരാതി. കേസിന്റെ വിചാരണക്കായി എതിർകക്ഷികളായ ഹോട്ടൽ ഉടമയും മാനേജരും ഡിസംബർ അഞ്ചിന് കമീഷനിൽ ഹാജരാകണമെന്ന് നോട്ടീസ് അയക്കാൻ കമീഷൻ പ്രസിഡന്‍റ് ബേബിച്ചൻ വെച്ചുച്ചിറയും അംഗമായ നിഷാദ് തങ്കപ്പനുമാണ് ഉത്തരവിട്ടത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe