ആ വിഡിയോ നീക്കണം: ഷിംജിതയുടെ വിഡിയോയിൽ മുഖം പതിഞ്ഞ സ്ത്രീ പരാതി നൽകി

news image
Jan 24, 2026, 10:38 am GMT+0000 payyolionline.in

കണ്ണൂർ :   ലൈംഗികാതിക്രം ഉണ്ടായെന്ന് ആരോപിച്ച് വടകര സ്വദേശി ഷിംജിത ബസിൽ വച്ച് ചിത്രീകരിച്ച വിഡിയോയിൽ മുഖം പതിഞ്ഞ സ്ത്രീ പരാതിയുമായി രംഗത്ത്. തന്റെ മുഖം അനാവശ്യമായി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുവെന്നും ഇത് നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് സ്ത്രീ കണ്ണൂർ സൈബർ പൊലീസിൽ ഏതാനും ദിവസം മുൻപ് പരാതി നൽകിയത്. കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ബസിൽ വച്ച് ലൈംഗികാതിക്രമം നടത്തിയെന്ന രീതിയിലാണ് ഷിംജിത വിഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചത്. ഇതേ ബസിൽ യാത്ര ചെയ്യുകയായിരുന്ന മറ്റൊരു സ്ത്രീയെയും ദൃശ്യങ്ങളിൽ കാണാം. തന്നെ തിരിച്ചറിയാൻ സാധിക്കുന്ന വിവാദ വിഡിയോ നീക്കണമെന്നാവശ്യപ്പെട്ടു കഴിഞ്ഞ 17നാണ് സൈബർ പൊലീസിൽ പരാതി നൽകിയത്. വിഡിയോ പ്രചരിച്ചതിനു പിന്നാലെ ദീപക് ആത്മഹത്യ ചെയ്യുകയും കേസിൽ പ്രതിയായ ഷിംജിത റിമാൻഡിലാകുകയും ചെയ്തു. അതേസമയം, ബസിൽ ലൈംഗിക അതിക്രമം ഉണ്ടായിട്ടില്ലെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്ന് ബസിൽ അസ്വാഭാവികമായ യാതൊരു സംഭവങ്ങളും നടന്നിട്ടില്ലെന്നും ഇരുവരും സാധാരണ നിലയിൽ ബസിൽനിന്ന് ഇറങ്ങിപ്പോയതായും റിപ്പോർട്ടിൽ പറയുന്നു.മരിച്ച ദീപക്കിനെ ഉൾപ്പെടുത്തി ഷിംജിത ഏഴോളം വിഡിയോകൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ചതായും അവ എഡിറ്റ് ചെയ്തശേഷം സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചുവെന്നുമാണ് പൊലീസിന്റെ കണ്ടെത്തിൽ. ഷിംജിതയുടെ ഫോൺ ഉൾപ്പെടെ പരിശോധിച്ചുവരികയാണ്.

 

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe