തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശമ്പളം ആഗസ്തുമുതൽ ഹാജരുമായി (പഞ്ചിങ്) ബന്ധിപ്പിക്കുമെന്ന് വ്യക്തമാക്കി പൊതുഭരണവകുപ്പ് ഉത്തരവിറക്കി. സർക്കാർ, അർധ സർക്കാർ, സ്വയംഭരണം, ഗ്രാൻഡ് ഇൻ എയ്ഡ് സ്ഥാപനങ്ങൾക്ക് ബാധകമാണ്. ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരും മുഴുവൻ സമയം പുറത്ത് ജോലി ചെയ്യുന്നവരും ഓഫീസ് സമയത്തിനു പുറമെ പ്രവർത്തിക്കുന്നവരെയും ഇതിൽനിന്ന് ഒഴിവാക്കി. ഇവരുടെ വിവരം മേലധികാരി സ്പാർക്കിൽ ചേർക്കണം.
ഷിഫ്റ്റ് ഡ്യൂട്ടിയിലേക്ക് മാറേണ്ടവർ അതിന്റെ ഉത്തരവ് അപ്ലോഡ് ചെയ്ത് ഒഡി സമർപ്പിക്കണം. മറ്റ് ഓഫീസുകളിലെത്തി ജോലി ചെയ്യുന്നവരും ഡെപ്യൂട്ടേഷനിലുള്ളവരും അവിടെ പഞ്ചിങ് ഇല്ലെങ്കിൽ ഹാജർ ബുക്കിൽ ഒപ്പിട്ടാൽ മതി. പഞ്ച് ചെയ്യാൻ മറന്നാൽ വർഷത്തിൽ രണ്ടു തവണമാത്രം ഹാജർ രേഖപ്പെടുത്താം. ഇതിന് അപേക്ഷിക്കണം. സാങ്കേതിക തകരാർമൂലം പഞ്ച് ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ ഹാജർ ക്രമീകരിക്കാൻ ഡിഡിഒയ്ക്ക് അപേക്ഷ നൽകണം.വിരലടയാളം ആധാറിൽ അപ്ഡേറ്റ് ചെയ്യാൻ കഴിയാത്തവരുടെ ഹാജരും കൺട്രോളിങ് ഓഫീസർമാർ നേരിട്ട് ക്രമീകരിക്കണം.